ഭുവനേശ്വര്‍: പൊതുജനങ്ങളെ മോട്ടോര്‍ വാഹനനിയമത്തെ കുറിച്ച് ബോധവത്കരിക്കാന്‍ പോയ എംഎല്‍എ വാഹനം പാര്‍ക്ക് ചെയ്തത് നോ പാര്‍ക്കിങ് മേഖലയില്‍. നിയമം പറഞ്ഞു കൊടുക്കേണ്ടവര്‍ തന്നെ നിയമം ലംഘിച്ചതോടെ പോലീസ് എംഎല്‍എയ്ക്ക് 500 രൂപ ഫൈനടിക്കുകയും ചെയ്തു.
ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ബിജു ജനതാദള്‍ നേതാവും ഭുവനേശ്വര്‍ എംഎല്‍എയുമായ അനന്ത നാരായണ്‍ ജനേയ്ക്കാണ് പിഴയൊടുക്കേണ്ടി വന്നത്. ഭുവനേശ്വറിലെ എജി സ്ക്വയറിനു സമീപത്തെ നോ പാര്‍ക്കിങ് മേഖലയിലാണ് അനന്ത നാരായണ്‍ കാര്‍ പാര്‍ക്ക് ചെയ്തത്.
ഒരു ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം. പരിഷ്കരിച്ച മോട്ടോര്‍ വെഹിക്കിള്‍ നിയമത്തെ കുറിച്ചും ഗതാഗത നിയമങ്ങള്‍ അനുസരിക്കേണ്ട ആവശ്യകതയെ കുറിച്ചും ബോധവത്കരണം നടത്താനായി ഭുവനേശ്വര്‍ പോലീസാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ എംഎല്‍യുടെ കാര്‍ നേ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. പരിപാടിക്കിടെ പോലീസ് അനന്ത നാരയണയുടെ കാര്‍ നോ പാര്‍ക്കിങ് മേഖലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് ഫൈനടിക്കുകയുമായിരുന്നു.
എന്റെ ഡ്രൈവര്‍ നിയമം ലംഘിച്ച് കാര്‍ നോ പാര്‍ക്കിങ് മേഖലയില്‍ പാര്‍ക്ക് ചെയ്തതിനാലാണ് പോലീസ് പിഴയീടാക്കിയത്. നിയമം എല്ലാവര്ക്കും ഒരേപോലെയാണ്. നാം ഗതാഗതനിയമങ്ങള്‍ അനുസരിച്ചേ മതിയാകൂവെന്നായിരുന്നു സംഭവത്തില്‍ അനന്ത നാരയണയുടെ പ്രതികരണം.
Discussion about this post