തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധങ്ങളില്‍ ഭാഗമാകാന്‍ കേരളത്തിലേക്ക് എത്തുമെന്ന പ്രചരണങ്ങളോട് പ്രതികരിച്ച് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. അക്കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും രാഷ്ട്രപതി പറയുന്നത് മാത്രമാണ് ഇപ്പോള്‍ അനുസരിക്കാന്‍ കഴിയുകയെന്നും കുമ്മനം പറഞ്ഞു.
‘തിരികെയെത്തുമെന്ന വാര്‍ത്തകളെക്കുറിച്ച് അറിവില്ല. രാഷ്ട്രപതി പറയുന്നത് അനുസരിക്കാന്‍ മാത്രമാണ് സാധിക്കുക. എന്റെ താല്പര്യമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇന്ന് മിസോറാം ഗവര്‍ണറായി ഇരിക്കേണ്ടി വരില്ലായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്ന കാര്യത്തെക്കുറിച്ച നിലവില്‍ യാതൊരു അറിവുമില്ല.’- കുമ്മനം പറഞ്ഞു.
നിലവില്‍ ഏറ്റെടുത്ത ചുമതല ഭംഗിയായി ചെയ്യുകയാണ്. രാഷ്ട്രപതി എന്ത് ആവശ്യപ്പെടുന്നോ അത് കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ഏഷ്യാനെറ്റ് ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ഗവര്‍ണര്‍ എന്ന നിലയില്‍ അഭിപ്രായം പറയാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രാഹുല്‍ ഈശ്വര്‍, കേരളത്തിലെ വിശ്വാസികളെ രക്ഷിക്കാന്‍ കുമ്മനം തിരിച്ചുവരണമെന്നാവശ്യപ്പെട്ടിരുന്നു.
Discussion about this post