കോഴിക്കോട്: വിനോദയാത്രയ്ക്ക് പോയ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. കോഴിക്കോട് ജില്ലയിലെ തമരശ്ശേരിയിലാണ് സംഭവം. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ അമല്‍ ആണ് മരിച്ചത്
23 വയസ്സായിരുന്നു. താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപത്ത് വെച്ച് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. വിനോദയാത്രയ്ക്കിടെ ആയിരുന്നു സംഭവം.
ട്രാവലര്‍ വാഹനത്തില്‍ വയനാട് ഭാഗത്തേക്ക് പോകുമ്പോള്‍ മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോഴാണ് അമൽ കാല് തെന്നി അബദ്ധത്തില്‍ കൊക്കയിലേക്ക് വീണത്. കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം കൊക്കയില്‍ നിന്നും പുറത്തെടുത്തത്.
കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. അമല്‍ അടക്കം 13 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
Discussion about this post