കൊച്ചി: കിറ്റെക്സ് എംഡിയും ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്ററുമായ സാബു എം ജേക്കബിനെ പരിഹസിച്ച് പിവി ശ്രീനിജിന്‍ എംഎല്‍എ. മാപ്പ് പറയണമെന്ന സാബു എം ജേക്കബിന്റെ ആവശ്യത്തെ പരിഹസിച്ച് ആരുടെ കൈയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ ഒരാള്‍ക്ക് കൊടുക്കാനാണെന്നും ഫേസ്ബുക്കില്‍ പിവി ശ്രീനിജിന്‍ വിമര്‍ശിച്ചു.
‘ആരുടെ കൈയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ..ഒരാള്‍ക്ക് കൊടുക്കാനാണ്’ ശ്രീനിജിന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. ശേഷം പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
ട്വന്റി ട്വന്റിയോട് വോട്ട് ചോദിക്കും മുമ്പ് ട്വന്റി-20ക്കെതിരെ നടത്തിയ അക്രമങ്ങളില്‍ പിവി ശ്രീനിജിന്‍ എംഎല്‍എ മാപ്പ് പറയണമെന്ന് സാബു എം ജേക്കബ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കിറ്റെക്സ് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി എന്താണ് കണ്ടെത്തിയതെന്ന് സര്‍ക്കാര്‍ പറയണമെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്ക് പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉടന്‍ പ്രത്യേക യോഗം ചേരുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ്. യോഗത്തില്‍ ചര്‍ച്ച നടത്തി ആര്‍ക്കാണ് പിന്തുണ നല്‍കുകയെന്ന് തീരുമാനിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയിലെ എംഎല്‍എ ശ്രീനിജന്‍ അഭിപ്രായപ്പെട്ടത് ട്വന്റി ട്വന്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ഭയന്നോടുകയാണെന്നാണ്. ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവരെ ഇടതുമുന്നണി ഇടപെട്ട് തടയണം. തുടര്‍ ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയായിരിക്കും തെരഞ്ഞെടുപ്പ് ഫലം. നിലപാടുകളും സില്‍വര്‍ലൈന്‍ ഉള്‍പ്പടെയുള്ള വികസന കാഴ്ച്ചപ്പാടുകളും വിലയിരുത്തപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post