തിരുവനന്തപുരം: എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. താന്‍ ഇതുവരെ സിപിഐഎം വിട്ടിട്ടില്ലെന്നും ഇപ്പോള്‍ വിടുന്നുവെന്നും ഗോകുല്‍ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് വ്യാഴാഴ്ച രാവിലെയാണ് ഗോകുല്‍ ഗോപിനാഥ് അംഗത്വം സ്വീകരിച്ചത്. കോളേജ് വളപ്പില്‍ മദ്യപിച്ച് നൃത്തംചെയ്ത സംഭവത്തില്‍ 2022 ഡിസംബറില്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ ഗോപിനാഥിനെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം പുറത്താക്കിയിരുന്നു.
‘കമ്യൂണിസ്റ്റ് പശ്ചാത്തലത്തിലാണ് ഞാന്‍ ജനിച്ചത്. ബിജെപിയെ ഇഷ്ടമായതുകൊണ്ട് കൂടുതല്‍ ഊര്‍ജത്തോടെയും രാഷ്ട്രീയ ബോധത്തോടെയും പ്രവര്‍ത്തിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പവര്‍ ക്ലസ്റ്ററിന്റെ ഭാഗമായില്ലെങ്കില്‍ അവിടെ നിലനില്‍പ്പില്ല. ഇന്ന് സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമൊന്നുമില്ല, രണ്ടിലും നടക്കുന്നത് അഴിമതി തന്നെ. സന്തോഷത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന് എന്നെ വ്യക്തിഹത്യ ചെയ്തു’, ഗോകുല്‍ ഗോപിനാഥ് പറഞ്ഞു.
Discussion about this post