ന്യൂഡല്‍ഹി: മോഡി തന്റെ ജനന സര്‍ട്ടിഫിക്കറ്റും പിതാവിന്റെയും കുടുംബാംഗങ്ങളുടെയും ജനന സര്‍ട്ടിഫിക്കറ്റുകളും ആദ്യം രാജ്യത്തിന് മുന്നില്‍ തുറന്നു കാണിക്കൂ അതിനുശേഷം മാത്രം പൗരന്മാരില്‍ നിന്ന് രേഖകള്‍ ചോദിക്കൂ എന്ന് ചലച്ചിത്രകാരന്‍ അനുരാഗ് കശ്യപ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും ശബ്ദമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്.
സിഎഎയ്ക്കെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ത്തിയ അനുരാഗ് കശ്യപ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. മോഡി വിദ്യാസമ്പന്നനാണെന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ട കശ്യപ് ‘എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സി’ല്‍ നേടിയെന്ന് പറയപ്പെടുന്ന ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കാനും ആവശ്യപ്പെട്ടു.
ആദ്യം മോഡി തന്റെ ജനന സര്‍ട്ടിഫിക്കറ്റും പിതാവിന്റെയും കുടുംബാംഗങ്ങളുടെയും ജനന സര്‍ട്ടിഫിക്കറ്റുകളും രാജ്യത്തിന് മുന്നില്‍ തുറന്നു കാണിക്കണമെന്നും അതിനുശേഷം മാത്രമേ പൗരന്മാരില്‍ നിന്ന് രേഖകള്‍ ചോദിക്കാവൂ എന്നും കശ്യപ് പറഞ്ഞു. സര്‍ക്കാരിനെ ”ഊമ” എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
”സിഎഎ നോട്ട് നിരോധനം പോലെയാണ്. പ്രത്യേക പദ്ധതിയില്ല. വീക്ഷണമില്ല. ഈ സര്‍ക്കാര്‍ ഒരു ഊമയാണ്. അവര്‍ക്ക് എങ്ങനെ സംസാരിക്കണമെന്ന് അറിയാമായിരുന്നുവെങ്കില്‍ ഈ സര്‍ക്കാര്‍ ഒരു സംവാദത്തിന് തയ്യാറാകുമായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ, പരിശോധിക്കപ്പെടാത്ത ഒരു ചോദ്യവും അവര്‍ക്ക് നേരിടാന്‍ കഴിയില്ല.” എന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.















Discussion about this post