ലഖ്നൗ: കാലില്‍ ഒരു തുള്ളി അണുനാശിനി വീണെന്ന് ആരോപിച്ച് അഞ്ചംഗ സംഘം ചേര്‍ന്ന് കീടനാശിനി കുടിപ്പിച്ച ശുചീകരണ തൊഴിലാളി മരിച്ചു. കീടനാശിനി കുടിച്ച ശേഷം ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
മോട്ടിപുര ഗ്രാമത്തില്‍ നിന്നുള്ള കുന്‍വര്‍ പാല് എന്ന യുവാവാണ് യുവാക്കളുടെ അതിക്രമത്തിന് ഇരയായത്. ഏപ്രില്‍ 14-ാം തീയതി പ്രദേശത്ത് അണുനശീകരണം നടത്തുന്നതിനിടെ അബദ്ധത്തില്‍ ഇന്ദ്രപാല്‍ എന്ന ഒരു യുവാവിന്റെ കാലില്‍ അണുനാശിനി വീഴുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ ഇന്ദ്രപാലും സുഹൃത്തുക്കളും ചേര്‍ന്ന് അണുനാശിനി തെളിക്കുന്ന മെഷീന്റെ പൈപ്പ് കുന്‍വറിന്റെ വായിലേക്ക് സ്പ്രേ ചെയ്യുകയായിരുന്നു.
അസ്വസ്ഥകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുന്‍വറിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തത്. പിന്നീട് ഇയാളുടെ നില ഗുരുതരാവസ്ഥയിലായതോടെ ടിഎംയു മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 17ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കുന്‍വറിന്റെ സഹോദരന്റെ പരാതിയില്‍ പോലീസ് അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുന്നു.
Discussion about this post