ന്യൂഡല്‍ഹി: ചൈനയുടെ അതിര്‍ത്തി കടന്നുള്ള സൈനിക നീക്കങ്ങള്‍ വര്‍ധിച്ചിരിക്കെ പ്രതിരോധ നടപടികള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യ. ചൈനീസ് അതിര്‍ത്തിയിലേക്കുളള രഹസ്യ സൈനിക നീക്കം ലക്ഷ്യമിട്ട് ബ്രഹ്മപുത്ര നദിക്കടിയിലൂടെ തുരങ്കപാത നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.
അസമിലെ തെസ്പൂരില് നിന്ന് അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്ന സ്ഥലം വരെയാണ് തുരങ്കം നിര്‍മ്മിക്കുക. തുരങ്കപാതയുടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായി. 12 മുതല്‍ 15 കിലോമീറ്റര്‍ വരെയാകും നിര്‍ദിഷ്ട തുരങ്ക പാതയുടെ നീളം. നിര്‍മ്മാണത്തിലെ പ്രതിസന്ധികള്‍ പരിഗണിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ വരാം. റോഡ്, റെയില്‍ പാത അല്ലെങ്കില്‍ ഇവ രണ്ടും ചേര്‍ന്നുള്ള തുരങ്കം എന്നിങ്ങനെയാണ് പദ്ധതിയിലുള്ളത്.
നദിയുടെ അടിത്തട്ടിലൂടെ ആയതിനാല്‍ തന്നെ എന്തുതരം തുരങ്കമാണ് വേണ്ടതെന്ന് പിന്നീട് തീരുമാനിക്കും. ബ്രഹ്മപുത്ര നദിയുടെ അടിത്തട്ടില്‍ നിന്ന് 20 മുതല്‍ 30 മീറ്റര്‍ വരെ ആഴത്തിലായിരിക്കും തുരങ്കം നിര്‍മ്മിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അരുണാചല്‍ അതിര്‍ത്തിയിലേക്കുള്ള റോഡുകളും പാലങ്ങളും യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ ചൈനയ്ക്ക് പെട്ടെന്ന് തകര്‍ക്കാനായേക്കും. എന്നാല്‍, ഈ തുരങ്കം സാധ്യമാവുന്നതോടെ ഇന്ത്യയ്ക്ക് ഏറെ സഹായകരമാകും. തുരങ്കത്തില്‍ കൂടി രഹസ്യമായി ഇന്ത്യാ ചൈന നിയന്ത്രണ രേഖയിലേക്ക് സൈനികരെയും ആയുധങ്ങളെയും എത്തിക്കാന്‍ സാധിക്കും.
അരുണാചല്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് എത്തിപ്പെടാന്‍ സൈന്യത്തിന് തടസം ബ്രഹ്മപുത്രയാണ്. തുരങ്കം വരുന്നതോടെ പ്രതിസന്ധി പരിഹരിക്കപ്പെടും.
Discussion about this post