ന്യൂഡല്‍ഹി: വടക്കന്‍ വസീറിസ്ഥാനില്‍ സൈനികര്‍ക്കുനേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍. അതേസമയം, പാക് സൈന്യത്തിന്റെ ആരോപണം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളി. പാകിസ്ഥാന്റെ ആരോപണം അവജ്ഞ അര്‍ഹിക്കുന്നുവെന്ന് ഇന്ത്യ വിശേഷിപ്പിച്ചു.
ജൂണ്‍ 28 ന് വസീറിസ്ഥാനില്‍ നടന്ന ആക്രമണത്തിന് ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവന ഞങ്ങള്‍ ശ്രദ്ധിച്ചു. ഈ പ്രസ്താവനയെ അര്‍ഹിക്കുന്ന അവജ്ഞയോടെ ഞങ്ങള്‍ നിരസിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം രാവിലെ പുറത്തിറക്കിയ പ്രതികരണത്തില്‍ പറഞ്ഞു.
ശനിയാഴ്ച നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 16 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും 25ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്ഥാന്‍ ജില്ലയില്‍ ബോംബര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ഒരു ചാവേര്‍ ബോംബര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post