ന്യൂയോര്‍ക്ക് : സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്കിനെതിരെ യുഎന്നില്‍ പരാതിയുമായി ചൈന. മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ശൃംഖലയ്ക്ക് വേണ്ടി വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ തങ്ങളുടെ ബഹിരാകാശ നിലയവുമായി കൂട്ടിയിടിയുടെ വക്കിലെത്തിയെന്നാരോപിച്ചാണ് പരാതി.
ജൂലൈ ഒന്നിനും ഒക്ടോബര്‍ ഒന്നിനുമായി രണ്ട് തവണയാണ് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ തങ്ങളുടെ ബഹിരാകാശ നിലയത്തിന്റെ അടുത്തെത്തിയതെന്ന് യുഎന്നിന്റെ ബഹിരാകാശകാര്യ ഓഫീസില്‍ ചൈന പരാതിപ്പെട്ടു. രണ്ട് തവണയും വിദഗ്ധമായി ഒഴിഞ്ഞുമാറിയാണ് അപകടം ഒഴിവാക്കിയത്.
1967ലെ ബഹിരാകാശ ഉടമ്പടിയുടെ ലംഘനമാണ് യുഎസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഉചിതമായ നടപടി സ്വീകരിക്കാന്‍ രാജ്യം തയ്യാറാകണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. നിര്‍മാണത്തിലിരിക്കുന്ന ചൈനീസ് ബഹിരാകാശ നിലയമായ ടിയാങ്ഗോങ്-3വില്‍ നിലവില്‍ മൂന്ന് യാത്രികരുണ്ട്.
ഇതിനോടകം 1900ത്തോളം ഉപഗ്രഹങ്ങളാണ് സ്റ്റാര്‍ലിങ്ക് പദ്ധതിയുടെ ഭാഗമായി സ്പേസ് ലിങ്ക് വിക്ഷേപിച്ചിരിക്കുന്നത്. ഇനിയും ആയിരക്കണക്കിന് വിക്ഷേപിക്കാനും ഉദ്ദേശമുണ്ട്. ചൈനയുടെ പരാതിയോട് കമ്പനി പ്രതികരിച്ചിട്ടില്ല.
Discussion about this post