സിയോള്‍ : മെച്ചപ്പെട്ട ജോലി സാഹചര്യം ആവശ്യപ്പെട്ട് ദക്ഷിണ കൊറിയയില്‍ ആയിരങ്ങള്‍ നിരത്തിലിറങ്ങി. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ സാഹചര്യത്തിലാണ് കൊറിയന്‍ ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ (കെസിടിയു) പ്രവര്‍ത്തകരുടെ പ്രതിഷേധം. അധികാരികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ നെറ്റ്ഫ്‌ലിക്‌സിലെ ഹിറ്റ് സീരീസായ സ്‌ക്വീഡ് ഗെയിമിലെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങിയത്.

ചുവന്ന ജംപ് സ്യൂട്ടണിഞ്ഞ്, കറുത്ത മുഖം മൂടി ധരിച്ച് ഡ്രം മുഴക്കിയും മുദ്രവാക്യങ്ങള്‍ വിളിച്ചും പാട്ട് പാടി നൃത്തം ചെയ്തും പ്രതിഷേധക്കാര്‍ സിയോള്‍ നഗരം കീഴടക്കി. ദക്ഷിണ കൊറിയയില്‍ 2008ലുണ്ടായ സാമ്പത്തിക തകര്‍ച്ചയും തുടര്‍ന്ന് വഴിമുട്ടിയ ജനജീവിതവും ആസ്പദമാക്കിയ സീരീസാണ് സ്‌ക്വിഡ് ഗെയിം. നെറ്റ്ഫ്‌ലിക്‌സില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സ്‌ക്വിഡ് ഗെയിമിന്റെ തീം പ്രതിഷേധത്തിന് തിരഞ്ഞെടുത്തത് അത്തരമൊരു അരക്ഷിതാവസ്ഥയിലേക്ക് രാജ്യം വീണ്ടും കൂപ്പുകുത്തരുതെന്ന മുന്നറിയിപ്പ് നല്‍കാന്‍ കൂടി വേണ്ടിയാണെന്നാണ് വിലയിരുത്തല്‍.

അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും അന്യായമായി സംഘം ചേര്‍ന്നതിനും സിയോള്‍ ഭരണകൂടം തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു. നിലവിലെ സാഹചര്യത്തില്‍ കൂട്ടം ചേരാതെ ഒരാള്‍ക്ക് മാത്രമേ രാജ്യതലസ്ഥാനത്തും ചുറ്റുമുള്ള സ്ഥലങ്ങളിലും പ്രതിഷേധിക്കാന്‍ അനുമതിയുള്ളൂ.നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും കെസിടിയു വക്താവ് ഹാന്‍ സാംഗ് ജിന്നിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
















Discussion about this post