കൊച്ചി: കോഴിക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കേസെടുക്കാൻ നിർദേശം നൽകി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആയിരുന്നു നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം.
ഉത്സവത്തിന് ആനകളെ എത്തിച്ചത് നാട്ടാന ചട്ടം ലംഘിച്ചുകൊണ്ടാണെന്നും ആനകളുടെ കാലില്‍ ഇടച്ചങ്ങല ഇല്ലായിരുന്നുവെന്നും വെടിക്കെട്ട് നടത്തിയത് നിയമം ലംഘിച്ചാണെന്നും മന്ത്രി പറഞ്ഞു.
ആനയുടെ ഉടമസ്ഥര്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കാനാണ് മന്ത്രി നിര്‍ദേശം നൽകിയിരിക്കുന്നത്. നാട്ടാന പരിപാലന ചട്ടം ലംഘിച്ചുവന്നെ വകുപ്പ് പ്രകാരം കേസ് എടുത്ത് അന്വേഷണം നടത്താനും ശിക്ഷനടപടികള്‍ സ്വീകരിക്കാനും ഉത്തരവിട്ടതായി മന്ത്രി പറഞ്ഞു.
സംഭവത്തില്‍ പൊലീസ് നിയമടപടികളുമായി മുന്നോട്ടുപോകുകയാണ് എന്നും ഈ ക്ഷേത്രത്തില്‍ ആനയെ എഴുന്നള്ളിക്കാനുള്ള അനുവാദം നല്‍കികൊണ്ടുള്ള ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദേശിച്ചതായും ശശീന്ദ്രന്‍ പറഞ്ഞു.















Discussion about this post