മൂന്നാര്‍: വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ഇടുക്കിയിലെ അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപത്താണ് അപകടം സംഭവിച്ചത്. തമിഴ്നാട്ടിലെ തിരുനെല്‍വേലി സ്വദേശികളാണ് മരിച്ചത്.
മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ മൂന്നുപേരാണ് അപകടത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയ പ്രഷര്‍കുക്കര്‍ കമ്പനിയിലെ ജീവനക്കാരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ കുടുംബസമേതം മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. അഞ്ച് മണിയോടെയാണ് അപകടം. വാഹനം വളവ് തിരിയുമ്പോള്‍ വണ്ടി കൊക്കയിലേക്ക് മറിയുകയായിരുന്നു.
അപകടവിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പതിനാല് പേരാണ് വാഹനത്തിലുണ്ടായിരുന്നതായാണ് സൂചന. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ഉടന്‍ തന്നെ അടിമാലി ആശുപത്രിയിലെത്തിച്ചിരുന്നു.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റവരെ മുഴുവന്‍ വാഹനത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. നിരവധി പേരുടെ നിലഗുരുതരമാണ്. ട്രാവലര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.
Discussion about this post