കൊച്ചി: എറണാകുളത്ത് കോണ്‍ഗ്രസ് നേതാവിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടന്‍ പിടി പോളിനെ (61) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആലുവയിലെ ഹോട്ടലിലാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12.30നാണ് പോള്‍ ഹോട്ടലില്‍ മുറിയെടുത്തത്. തന്നെ കാണാന്‍ ഒരാള്‍ വരുമെന്നും അകത്തേക്കു വിടണമെന്നും റിസപ്ഷനില്‍ പറഞ്ഞേല്‍പിച്ചാണു പോള്‍ മുറിയിലേക്കു പോയത്.
മുറിയുടെ വാതില്‍ അകത്തുനിന്നു പൂട്ടിയിരുന്നില്ല. 3.15ന് അദ്ദേഹത്തെ കാണാന്‍ അങ്കമാലിയില്‍ നിന്ന് ഒരാള്‍ എത്തി. എന്നാല്‍ മുറിയില്‍ എത്തിയ സന്ദര്ശകന് കാണുന്നത് മുറിയില്‍ ചലനമറ്റ് കിടക്കുന്ന പോളിനെയാണ്.
തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിച്ച് സ്വന്തം വാഹനത്തില്‍ കാരോത്തുകുഴി ആശുപത്രിയില്‍ എത്തി്ക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ബാഗും മൊബൈല്‍ ഫോണും കണ്ടെടുത്തു.
അങ്കമാലിയില്‍നിന്നു ഡ്രൈവര്‍ക്കൊപ്പം സ്വന്തം കാറില്‍ ആലുവയില്‍ എത്തിയ പോള്‍ എംജി ടൗണ്‍ ഹാളിനു സമീപം ഇറങ്ങി കാര്‍ പറഞ്ഞുവിട്ടു. തനിക്കു പോകാന്‍ മറ്റൊരു വാഹനം വരുമെന്നാണു ഡ്രൈവറോടു പറഞ്ഞതെന്നു പൊലീസ് പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റായ പോള്‍ നിലവില്‍ അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും മോട്ടര്‍ തൊഴിലാളി ക്ഷേമിനിധി ബോര്‍ഡ് അംഗവുമാണ്.
Discussion about this post