അമ്പലപ്പുഴ: മുറ്റം വൃത്തിയാക്കുന്നതിനിടെയാണ് അമ്പലപ്പുഴയിലെ ആയാമ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായ വിശ്വകുമാരി(റാണി)യുടെ കൈയിൽ എന്തോ കടിച്ചതായി ശ്രദ്ധിച്ചത്. എന്നാൽ പൂച്ചയോ മറ്റോ മാന്തിയതാണെന്നാണ് വിശ്വകുമാരി ധരിച്ചത്. എന്നാൽ, ഇതുകണ്ട് പാഞ്ഞെത്തിയ ജൂലി എന്ന വളർത്തുനായ മൂർഖൻ പാമ്പിനെ കടിച്ചു പുറത്തിട്ടപ്പോഴാണ് തന്നെ കടിച്ചത് വിഷമേറിയ മൂർഖൻ ആണെന്ന് വിശ്വകുമാരിയും തിരിച്ചറിഞ്ഞത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മുറ്റത്തെ താമര വളർത്തുന്ന ടാങ്കിനടിയിലെ കല്ലുകൾ അടുക്കിയപ്പോഴാണ് വിശ്വകുമാരിയുടെ കൈവിരലിൽ പാമ്പ് കടിച്ചത്. പൂച്ചമാന്തിയതാകുമെന്ന് തെറ്റിദ്ധരിച്ച വിശ്വകുമാരി സോപ്പും വെള്ളവുമുപയോഗിച്ചു കൈകഴുകി. പിന്നാലെയാണ് ജൂലിയുടെ അപ്രതീക്ഷിത വരവും കാര്യങ്ങൾ തിരിച്ചറിയാൻ ഇടയാക്കിയതും. വിശ്വകുമാരിയുടെ വിളികേട്ട് റോഡിനെതിർവശത്തുള്ള പി.എസ്.സി. പരിശീലനകേന്ദ്രത്തിലായിരുന്ന മകൾ ദൃശ്യ കൂട്ടുകാരുമായി ഓടിയെത്തി.
ഒരു മണിക്കൂറിനകം ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി. അപകടകാരിയായ മൂർഖനെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. നിലവിൽ വിശ്വകുമാരി ഐസിയുവിലാണെങ്കിലും അപകട നില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചു. സി.പി.ഐ. നേതാവും പുറക്കാട് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും കേരള മാരിടൈം ബോർഡ് അംഗവുമായ വി.സി. മധുവാണ് വിശ്വകുമാരിയുടെ ഭർത്താവ്. വിശാൽ ആണ് മകൻ.
Discussion about this post