കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശി രശ്മിയാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു രശ്മി.
പരാതിയെ തുടര്‍ന്ന് തെള്ളകത്തെ ഹോട്ടല്‍ പാര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടിയിരുന്നു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ രശ്മിയെ ആദ്യം സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.
എന്നാല്‍ വിദഗ്ധ ചികിത്സ ആവശ്യമായി വന്നതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വീണ്ടും മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
also read: പുതുവത്സരത്തില്‍ ഓര്‍ഡറുകളുടെ തിരക്ക്: ഡെലിവറി ബോയ് ആയി സൊമാറ്റോ സിഇഒയും
ഭക്ഷ്യവിഷബാധയേറ്റ വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തിയത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം രശ്മിയുടെ മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രശ്മിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് സൂചന.
Discussion about this post