ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ ആന്റണി വർഗീസ് നിറഞ്ഞാടിയ ചിത്രം അജഗജാന്തരത്തിലൂടെ ശ്രദ്ധേയമായ ഗജരാജൻ നടക്കൽ ഉണ്ണികൃഷ്ണൻ ചെരിഞ്ഞു. ചിത്രത്തിൽ നെയ്ശ്ശേരി പാർഥൻ എന്ന പേരിലാണ് ആനയെത്തിയത്. കോട്ടയം മുണ്ടക്കയം സ്വദേശി നടക്കൽ വർക്കി ഉടമസ്ഥതയിലുള്ള ആനയാണിത്.
ആനയ്ക്ക് പ്രാധാന്യം നൽകി കൊണ്ട് ഒരുക്കിയ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ആനയെയും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയതും. അജഗജാന്തരം കൂടാതെ പഞ്ചവർണ്ണ തത്ത, തിരുവമ്പാടി തമ്പാൻ, കുങ്കി, ഹാത്തിമേരാ സാത്തി, പാൽത്തു ജാൻവർ, ഒടിയൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഉണ്ണികൃഷ്ണൻ എത്തിയിട്ടുണ്ട്.
1982-ൽ പാലക്കാട് മനിശ്ശേരി ഹരിയാണ് ഉണ്ണികൃഷ്ണനെ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചത്. പിന്നീട് കൊല്ലത്തേക്ക് കൈമാറ്റം ചെയ്ത ആനയെ മുണ്ടക്കയം സ്വദേശി നടക്കൽ വർക്കി വാങ്ങുകയായിരുന്നു. ആനകളുടെ ഒട്ടുമിക്ക ലക്ഷണങ്ങളും, ശാന്ത സ്വഭാവിയും ആരുമായും എളുപ്പത്തിൽ ഇണങ്ങുന്നതുമായ ആന കൂടിയായിരുന്നു ഉണ്ണി കൃഷ്ണൻ.
Discussion about this post