മലപ്പുറം: പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ന്യായീകരണവുമായി സമസ്ത. വിവാദ നടപടിയെ പൂര്‍ണമായും ന്യായീകരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തി.
പെണ്‍കുട്ടിക്ക് മാനസിക പ്രശ്‌നം ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റിനിര്‍ത്തിയത്. അപമാനിക്കാനാണ് ഉദ്ദേശമെങ്കില്‍ പുരസ്‌കാരം നല്‍കില്ലായിരുന്നു. പെണ്‍കുട്ടിക്കോ കുടുംബത്തിനോ സമസ്തയ്‌ക്കെതിരെ പരാതിയില്ലെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിശദീകരിക്കുന്നത്.
പെണ്‍കുട്ടിയെ വേദിയില്‍ അപമാനിച്ചിട്ടില്ലെന്ന് എംടി അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് ലജ്ജ തോന്നിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് ഇറക്കിവിട്ടതെന്നാണ് സമസ്തയുടെ പുതിയ വിശദീകരണം. വലിയ പണ്ഡിതന്‍മാര്‍ ഉള്ള വേദിയായിരുന്നു അത്. അവിടേക്ക് കയറി വന്ന പെണ്‍കുട്ടിയുടെ മുഖത്ത് ലജ്ജയുള്ളത് പോലെ തോന്നി. ഇനിയങ്ങനെ ഉണ്ടാവാതിരിക്കാന്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത ഒരു മത സംഘടനയാണ്. അതിന്റെ ചട്ടക്കൂടില്‍ നിന്നിട്ടായിരിക്കും പ്രവര്‍ത്തനമെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമസ്തയുടെ നിലപാടുകള്‍ കാലോചിതമായി പരിഷ്‌കരിച്ചവയാണെന്നും ബാലാവകാശ കമ്മിഷന്റെ കേസിനെ നിയമപരമായി നേരിടുമെന്നും സമസ്ത വ്യക്തമാക്കി.
പെണ്‍കുട്ടികള്‍ക്ക് അര്‍ഹമായ ബഹുമാനവും ആദരവും നല്‍കുന്ന സംഘടനയാണ് സമസ്തയെന്ന് എം.ടി അബ്ദുള്ള മുസ്ലിയാരും പറഞ്ഞു. മുന്‍പും ഇതുപോലെ സര്‍ട്ടിഫിക്കറ്റ് വിതരണവും ആദരിക്കലുമെല്ലാം നടത്തിയിട്ടുണ്ട്. പക്ഷെ അതൊന്നും സ്റ്റേജിലേക്ക് വിളിച്ച് വിളിച്ചുവരുത്തി ആയിരുന്നില്ല. മുതിര്‍ന്ന പെണ്‍കുട്ടികളെ പൊതുവേദിയിലേക്ക് കൊണ്ടുവരാതിരിക്കുന്നതിലൂടെ അവര്‍ക്ക് കുറെ ഗുണങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് ഇടപഴകുന്ന രീതി സമസ്തയില്‍ ഇല്ല. അല്ലാതെ തന്നെ അവര്‍ക്ക് എല്ലാ തരത്തിലുള്ള ബഹുമാനവും പിന്തുണയും സമസ്ത നല്‍കുന്നുണ്ട്. സമസ്ത മാറണമെന്ന് പറയാന്‍ ആര്‍ക്കും അവകാശില്ല. കാലോചിതമായി തന്നെയാണ് സമസ്ത പ്രവര്‍ത്തിക്കുന്നതെന്നും എം.ടി അബ്ദുള്ള മുസ്ലിയാല്‍ വ്യക്തമാക്കി.
വിവാദത്തില്‍ സമസ്ത സെക്രട്ടറിയെ പിന്തുണച്ച് സുന്നി യുവജന സംഘം (എസ്.വൈ.എസ്. ) സംസ്ഥാന ജനറല്‍ സെക്രട്ടറി, വര്‍ക്കിങ് സെക്രട്ടറി, സെക്രട്ടറി എന്നിവര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മതപണ്ഡിതനെ ഒറ്റപ്പെടുത്തുന്നത് ചെറുക്കും. പെണ്‍കുട്ടികളെ പരപുരുഷന്മാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പറയുന്നത് സ്ത്രീ സംരക്ഷണത്തിനാണ്. ഇസ്ലാമിലെ ഹിജാബ് നിയമം സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ഹിജാബ് നിയമം ഉള്ളിടത്ത് പീഡനമില്ലെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രതികരിച്ചിരുന്നു.
പെരിന്തല്‍മണ്ണയില്‍ മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു സമസ്ത നേതാക്കള്‍. സമസ്ത സെക്രട്ടറി എംടി അബ്ദുള്ള മുസ്ലീയാരായിരുന്നു പെണ്‍കുട്ടി സ്റ്റേജില്‍ കയറിയതില്‍ നേതാക്കളോട് പരസ്യമായി കയര്‍ത്തതും അത് വിവാദമായതും. സംഭവത്തില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
Discussion about this post