കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സർട്ടിഫിക്കറ്റ് വിതരണത്തിനായി വേദിയിലേക്ക് ക്ഷണിച്ചതിന് പരസ്യമായി അപമാനിച്ച് ഇകെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാർ. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ മുസ്ലിയാർക്കെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്.
ഒരു മദ്റസ കെട്ടിട ഉദ്ഘാടന വേദിയിൽ പത്താം ക്ലാസിലെ സർട്ടിഫിക്കറ്റ് വിതരണത്തിനായി വിജയിയായ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്ലിയാരെ ചൊടിപ്പിച്ചത്. പെൺകുട്ടി സമ്മാനം വാങ്ങിച്ചതോടെ സ്റ്റേജിലുണ്ടായിരുന്ന മുസ്ലിയാർ പ്രകോപിതനാവുകയായിരുന്നു.
‘ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? ഇനി മേലിൽ വിളിച്ചാൽ കാട്ടിത്തരാം. സമസ്തയുടെ തീരുമാനം ഇങ്ങക്ക് അറിയൂലേ?’പെൺകുട്ടിയാണെങ്കിൽ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ്ലിയാർ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. തുടർന്ന് വേദിയിലുണ്ടായിരുന്ന ഒരാൾ താനല്ല വിളിച്ചതെന്നും എന്റെ കുട്ടിയോട് വരണ്ട എന്ന് പറഞ്ഞിട്ടുണ്ടെന്നും പറയുന്നു. ഇതോടെ സ്റ്റേജിൽ ചിരി ഉയരുന്നതും വീഡിയോയിൽ കാണാം.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു.
Discussion about this post