കുമളി: സുരക്ഷാകാരണങ്ങളാല്‍ അണക്കെട്ടിലെ ഉദ്യോഗസ്ഥര്‍ക്കും പോലീസിനും മാത്രം പ്രവേശനമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ‘ഫീല്‍ഡ് വിസിറ്റിന്’ സൗകര്യം ഒരുക്കി തമിഴ്നാട് അധികൃതര്‍.
വ്യാഴാഴ്ച ഉച്ചയോടെയാണ് മധുരയില്‍നിന്നുള്ള 30 അംഗ സംഘം രണ്ട് ബോട്ടിലായി അണക്കെട്ടിലെത്തിയത്. അണക്കെട്ടിന്റെ ചുമതലയിലുള്ള തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് എക്സി. എന്‍ജിനീയര്‍ സാം ഇര്‍വിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ അണക്കെട്ട് സന്ദര്‍ശിച്ചത്.
മധുരയിലെ സ്റ്റാപ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡയറക്ടര്‍ തിലകവതിയുടെ നേതൃത്വത്തിലാണ് സംഘം സന്ദര്‍ശനത്തിന് എത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട്, ബേബി ഡാം, സ്പില്‍വേ എന്നിവിടങ്ങളെല്ലാം സന്ദര്‍ശിച്ച് ചിത്രങ്ങളെടുത്താണ് സംഘം മടങ്ങിയത്.
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ സന്ദര്‍ശന ഘട്ടത്തില്‍ ഏറെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമേ അണക്കെട്ടിന്റെ പരിസരത്ത് പ്രവേശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം അനുവാദമുള്ളൂ. ഇത്തരത്തില്‍ നിയന്ത്രണം നിലനില്‍ക്കുന്ന സ്ഥലത്താണ് പഠനത്തിനെന്ന പേരില്‍ 30 അംഗ സംഘത്തെ പ്രവേശിപ്പിച്ചത്.
Discussion about this post