കോഴിക്കോട്: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിന് വിന് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം സ്വന്തമാക്കി വളയം സ്വദേശിയായ നിര്‍മ്മാണ തൊഴിലാളി. വളയം രണ്ടരപ്പള്ളി സ്വദേശി കേളപ്പന് (63) എടുത്ത WO 197852 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. പ്രോത്സാസാഹന സമ്മാനമായ നാല്‍പ്പതിനായിരം രൂപയും ഇദ്ദേഹത്തിനാണ്.
ടൈല്‍സ് ജോലിക്കാരനായ കേളപ്പന് ചെറുപ്പം മുതല്‍ക്കെ ലോട്ടറി എടുത്തു തുടങ്ങിയതാണ്. സാധാരണയായി ചെറിയ സമ്മാനങ്ങള്‍ അടിക്കാറുമുണ്ട്. അമ്പതിനായിരം രൂപ വരെ ഇത്തരത്തില്‍ അടിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച പതിവ് പോലെ വളയത്തെ ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്ന് നാല്‍പ്പത് രൂപ വിലയുള്ള ആറ് വിന്‍വിന്‍ ടിക്കറ്റുകള്‍ വാങ്ങിച്ചിരുന്നു.
തിങ്കളാഴ്ച ഒളവിലത്തുള്ള മകളുടെ വീട്ടിലായിരുന്നു കേളപ്പന്. ലോട്ടറി നറുക്കെടുപ്പ് വന്നതോടെ റിസള്‍ട്ട് നോക്കുകയും ചെയ്തു. എടുക്കുന്ന ടിക്കറ്റുകളുടെ അവസാന നാല് നമ്പറുകള്‍ കേളപ്പന് ഓര്‍ത്ത് വെക്കുക പതിവായിരുന്നു. ഇത്തവണ അവസാന നാലക്കവും ഒത്ത് വന്നതോടെ സമ്മാനം ഉറപ്പിച്ചിരുന്നു. എന്നാല്‍ താന്‍ എടുത്ത ടിക്കറ്റുകള്‍ വീട്ടിലായതിനാല്‍ ബാക്കി നമ്പറുകള്‍ കൂടി പരിശോധിച്ച ശേഷമേ എത്ര രൂപയാണ് അടിച്ചതെന്ന് അറിയാന്‍ കഴിയുമായിരുന്നുള്ളൂ.
പിന്നാലെ രാത്രി എട്ട് മണിക്ക് വീട്ടില്‍ തിരിച്ചെത്തിയ സമയത്ത് വളയം സ്വദേശിക്ക് ലോട്ടറി അടിച്ച വിവരം നാട്ടില്‍ പാട്ടായി. അപ്പോഴും തനിക്കാണ് ഒന്നാം സമ്മാനമെന്ന കാര്യം കേളപ്പന് മനസ്സിലായിരുന്നില്ല. വീട്ടില്‍ വന്ന ശേഷം നടത്തിയ പരിശോധനയിലാണ് ഒന്നാം സമ്മാനം തന്റെ ടിക്കറ്റിനാണെന്ന കാര്യം മനസ്സിലായത്. ഇതോടെ സന്തോഷം സഹിക്കാന്‍ കേളപ്പനും സാധിച്ചില്ല. ആദ്യമായി ഒന്നാം സമ്മാനം ലഭിച്ച സന്തോഷത്തിലാണ് കേളപ്പന്.
Discussion about this post