കോഴിക്കോട്: പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്ത അലനേയും താഹയേയും സിപിഎം പുറത്താക്കിയിട്ടില്ലെന്നും അവരിപ്പോഴും പാർട്ടി അംഗങ്ങളെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അലനും താഹയും കുഞ്ഞാടുകളല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെയും സർക്കാർ നടപടിയെയും തള്ളിയാണ് പി മോഹനൻ രംഗത്തെത്തിയിരിക്കുന്നത്.
അലനും താഹയ്ക്കുമെതിരെ യുഎപിഎ കേസ് ചുമത്തിയത് അംഗീകരിക്കാൻ കഴിയില്ല. വിദ്യാർത്ഥികളായ ഇവരുടെ ഭാഗം കേൾക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അത് കഴിഞ്ഞാൽ മാത്രമേ അലനും താഹയും ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിൽ പെട്ടുപോയിട്ടുണ്ടോ എന്ന് പറയാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇരുവർക്കുമെതിരേ പാർട്ടി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കാത്ത കാലത്തോളം അവർ പാർട്ടി അംഗങ്ങൾ തന്നെയാണെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടായിരുന്നു എന്ന പി ജയരാജന്റെ പ്രസ്താവനയെ കുറിച്ച് തനിക്ക് അറിയില്ലെന്നും അതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പി മോഹനൻ പറഞ്ഞു. യുഎപിഎ കേസ് ചുമത്തുമ്പോൾ അതിൽ എൻഐഎയ്ക്ക് ഇടപെടാനുള്ള പുതിയ നിയമ ഭേദഗതിയെ പാർലമെന്റിൽ പിന്തുണച്ചവരാണ് കോൺഗ്രസുകാർ. ആ പാർട്ടിയിൽ നിന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവിടെ പോയത് നിയമം പാസാക്കിയതിന് പിന്തുണ കൊടുത്തതിന്റെ പാപക്കറ കളയാനാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ഭാഗം ഭാഗമായുള്ള നിലപാട് പറയാനാവില്ലെന്നും അന്വേഷണം പൂർത്തിയാക്കിയാലേ ഇക്കാര്യത്തിൽ പാർട്ടിക്ക് തീരുമാനമെടുക്കാൻ കഴിയുകയുള്ളൂവെന്നും പി മോഹനൻ പറഞ്ഞു.
Discussion about this post