ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രാചരണങ്ങൾ ശക്തമാകുന്നതിനിടെ വ്യത്യസ്തമായ രീതിയിൽ വോട്ട് പിടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. വോട്ടർമാർ കോൺഗ്രസ് പ്രവർത്തകരായാലും ബിജെപി പ്രവർത്തകരായാലും വോട്ട് ആംആദ്മിക്ക് ചെയ്യണമെന്നാണ് കെജരിവാൾ പറയുന്നത്.
നിങ്ങൾക്ക് നിങ്ങളുടെ പാർട്ടിയെ പിന്തുണക്കാം. പക്ഷെ, നിങ്ങൾ ആം ആദ്മിക്ക് വോട്ട് ചെയ്യൂ. നിങ്ങൾ മറ്റു പാർട്ടികൾക്ക് വോട്ട് ചെയ്യുകയാണെങ്കിൽ ഡൽഹിയിലെ സ്കൂളുകൾക്കും ആശുപത്രികൾക്കും വേണ്ടി ചെയ്ത പ്രവർത്തികളെല്ലാം വെറുതെയാവുമെന്ന് കെജരിവാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.
ആംആദ്മി പാർട്ടി ആദ്യം മുതൽ പൗരത്വഭേദഗതി നിയമത്തിനെതിരാണെന്ന് അദ്ദേഹം ആവർത്തിച്ചു. ആപ്പ് അതിനെ പാർലമെന്റിൽ എതിർത്തിരുന്നു. എല്ലാ റാലികളിലും അഭിമുഖങ്ങളിലുമെല്ലാം നിലപാട് അറിയിച്ചിട്ടുണ്ട്. എന്നാൽ ഡൽഹി തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് ഡൽഹി വിഷയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 8 ന് നടക്കുന്ന ഡൽഹി തെരഞ്ഞെടുപ്പിൽ 1542 നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ഡൽഹിയിൽ പ്രചാരണത്തിനായി കോൺഗ്രസ് വലിയ സംഘത്തെ തന്നെയാണ് രംഗത്തിറക്കുന്നത്. അധ്യക്ഷ സോണിയാ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, നവജ്യോത് സിങ് സിദ്ദു തുടങ്ങിയവരാണ് രാജ്യതലസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ പ്രചാരണത്തിന് ഇറങ്ങുക. ഫെബ്രുവരി 11 നാണ് ഡൽഹിയിൽ വോട്ടെണ്ണൽ.
കോൺഗ്രസിന്റെ മുഖ്യമന്ത്രിമാരായ ക്യാപ്റ്റൻ അമരീന്ദർ സിങ്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ഭാഗൽ, കമൽനാഥ് വി നാരാണസ്വാമി എന്നിവരും രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ക്യാംപെയിനിങിനെത്തും.
Discussion about this post