കൊച്ചി: തന്റെ ബാഗിലെന്താ ബോംബുണ്ടോ? എന്ന ഒറ്റച്ചോദ്യം കൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് വിമാനയാത്രക്കാരന്‍. സ്വാതന്ത്ര്യദിനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊളംബോയിലേക്കു പോകാനെത്തിയ ചാലക്കുടി വല്ലത്തുപറമ്പില്‍ രവി നാരായണന്‍ (61) എന്നയാളാണ് ഒറ്റച്ചോദ്യം കൊണ്ട് പുലിവാല് പിടിച്ചത്.
സാധാരണ പരിശോധനയ്ക്കു പുറമെ വിമാനത്തില്‍ കയറുന്നതിനു മുന്‍പും ബാഗുകള്‍ അടക്കം വിശദമായി പരിശോധിച്ചിരുന്നു. തുടര്‍ച്ചയായ പരിശോധനയില്‍ മനംമടുത്ത് ജീവനക്കാരോടു തര്‍ക്കിക്കുന്നതിനിടെയാണ് രവി തന്റെ ബാഗില്‍ ബോംബുണ്ടോയെന്ന് ചോദിച്ച് കയര്‍ത്തത്.
എന്നാല്‍ ഈ ചോദ്യം കേട്ടയുടന്‍ ജീവനക്കാര്‍ സുരക്ഷാവിഭാഗമായ സിഐഎസ്എഫിനെ വിവരം അറിയിച്ചു. വ്യോമസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് ബാഗ് പരിശോധിച്ചു.
ബാഗില്‍ ബോംബ് ഇല്ലെന്ന് ഉറപ്പാക്കി. എന്നാല്‍ ചെക്കിന്‍ ബാഗ് ഇല്ലാതെയാണ് ഇയാള്‍ യാത്രയ്‌ക്കെത്തിയത് എന്ന് കണ്ടെത്തിയതോടെ യാത്ര വിമാനക്കമ്പനി തടഞ്ഞു. നെടുമ്പാശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.















Discussion about this post