തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി വെള്ളപ്പൊക്കവും ഉരുൾപൊട്ടലും സംഭവിച്ചതോടെ അപകടത്തിൽ പെട്ടവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൺട്രോൾ റൂമിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി നേരിട്ടെത്തി. രാത്രി ഒൻപതേകാലിന് എത്തിയ മുഖ്യമന്ത്രി വയനാട് മേപ്പാടിയിലെ രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ഇന്ന് രക്ഷാ പ്രവർത്തനങ്ങൾക്ക് ഹെലികോപ്റ്റർ രംഗത്തിറങ്ങുമെന്ന് വ്യോമസേനാ പ്രതിനിധി മുഖ്യമന്ത്രിയെ അറിയിച്ചു. മേപ്പാടിയിലെ ഉരുൾപൊട്ടൽ ദൃശ്യങ്ങൾ സ്‌ക്രീനിൽ കണ്ടു വിലയിരുത്തിയ മുഖ്യമന്ത്രി തുടർന്ന് ചീഫ് സെക്രട്ടറി ടോം ജോസ്, റെവന്യൂ സെക്രട്ടറി വി വേണു തുടങ്ങിയ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എന്നാൽ അപകടമേഖലയിലുള്ളവർ അടിയന്തരമായി ക്യാംപുകളിലേക്കു മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 13,000 പേർ ഇപ്പോൾ ക്യാംപുകളിലുണ്ട്. ചിലയിടങ്ങളിൽ ഗൗരവമായ സ്ഥിതിവിശേഷമുണ്ട്. മേപ്പാടിയിൽ മലയുടെ ഒരു ഭാഗം തന്നെ ഇടിഞ്ഞിറങ്ങി. വളരെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തകർക്ക് അവിടെ എത്താൻ കഴിഞ്ഞത്. സംഭവിച്ചതു കനത്ത നഷ്ടം തന്നെയാണ്. ദുരന്തത്തെ നേരിടാൻ എല്ലാ തരത്തിലും സർക്കാർ സജ്ജമായിക്കഴിഞ്ഞു. വീടുവിട്ടു താമസിക്കാൻ ആരും ശങ്ക കാണിക്കരുത്. കഴിഞ്ഞ തവണത്തെ അനുഭവം നമുക്കുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
















Discussion about this post