ഭൽവാര: രാജസ്ഥാനിലെ ഭിൽവാരയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് റോഡിലുപേക്ഷിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി. വിവാഹിതയായ യുവതി ഭർത്താവിൽ നിന്നും അന്യപുരുഷന്മാരുമായുള്ള ശാരീരിക ബന്ധം മറയ്ക്കാനാണ് ബലാത്സംഗക്കഥ ചമച്ചതെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ സമ്മതത്തോടെയാണ് രണ്ട് പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്. തുടർന്ന് യുവാക്കളുമായി തർക്കമുണ്ടാവുകയും ഇത് മറയ്ക്കാനാണ് 25കാരി പീഡന നാടകം നടത്തിയതെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞദിവസമാണ് റോഡിൽ നഗ്നയായ നിലയിൽ യുവതിയെ നാട്ടുകാർ കണ്ടത്. തുടർന്ന് പോലീസിൽ അറിയിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസിനോട് നടക്കാനിറങ്ങിയ തന്നെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി നഗ്‌നയായി റോഡിൽ ഉപേക്ഷിച്ചെന്നാണ് യുവതി മൊഴി നൽകിയിരുന്നത്.
തന്നെ പ്രതികൾ തന്നെ മർദിച്ചെന്നും മാനസികരോഗിയാണെന്ന് കരുതി നാട്ടുകാർ ആദ്യം സഹായിക്കാൻ തയ്യാറായില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പീഡന കഥ തെളിഞ്ഞത്.
യുവതിയുടെ മൊബൈൽ ഫോണിലെ കോൾ റെക്കോർഡിംഗിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം യുവതി അവരുമായി സംസാരിച്ചതായി കണ്ടെത്തിയിരുന്നു. യുവതി പണത്തിനായി കണ്ടുമുട്ടാൻ സമ്മതിച്ചിരുന്നതായും കണ്ടെത്തി. തുടർന്ന് യുവതിയുടെ സമ്മതത്തോടെയാണ് രണ്ട് പുരുഷന്മാർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്. രാത്രിയും തങ്ങൾക്കൊപ്പം ചെലവഴിക്കാൻ യുവാക്കൾ നിർബന്ധിച്ചതിനെ തുടർന്ന് തർക്കം ഉടലെടുക്കുകയായിരുന്നു.
വീട്ടിലേക്ക് മടങ്ങണമെന്ന് വാശിപിടിച്ച യുവതി സ്വയം വസ്ത്രങ്ങൾ അഴിച്ച് വീടിന് പുറത്തിറങ്ങി കൂട്ടബലാത്സംഗത്തിനിരയായി എന്ന് പറഞ്ഞ് വഴിയാത്രക്കാരുടെ സഹായം തേടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. താൻ അന്യപുരുഷന്മാർക്കൊപ്പം പോയതറിഞ്ഞാൽ ഭർത്താവ് ഉപേക്ഷിക്കുമെന്ന പേടി കാരണമാണ് ഇവർ നാടകം കളിച്ചതെന്ന് പോലീസ് പറഞ്ഞു.
Discussion about this post