ചെന്നൈ: ബൈക്കിലെത്തി മാല പൊട്ടിക്കാന്‍ ശ്രമിച്ച കൗമാരക്കാര്‍ ബൈക്കപകടത്തില്‍ മരിച്ചു. തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം. പളനി, മഞ്ചനല്ലൂര് സ്വദേശികളായ കൗമാരക്കാരാണ് മരിച്ചത്. ബൈക്ക് മീഡിയനില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പൊള്ളാച്ചി – പാലക്കാട് റോഡില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മേമ്പലം എന്‍.ജി.എം കോളേജിന് സമീപത്തെ മീഡിയനില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. അമിതവേഗമാണ് അപകട കാരണം.
കഴിഞ്ഞ ആഴ്ച ചെങ്കല്‍പേട്ട് ജുവനൈല്‍ ഹോമില്‍ നിന്ന് മൂന്ന് പേര്‍ക്കൊപ്പം രക്ഷപ്പെട്ടവരാണ് ബൈക്ക് അപകടത്തില്‍ പെട്ടത്. ഇരുവരും പൊള്ളാച്ചി ഷോപ്പിങ് സ്ട്രീറ്റില്‍ വെച്ചാണ് സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
ബൈക്കിലെത്തിയ സംഘം തിരക്കേറിയ റോഡില്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു മോഷണശ്രമം നടത്തിയത്. പിടിവലിക്കിടെ നിലത്ത് വീണ സ്ത്രീയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയോടെ ഇരുവരും വാഹനാപകടത്തില്‍ മരിച്ചത്.
also read; റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് ബൈക്ക് മോഷണം, നാല് യുവാക്കള്‍ അറസ്റ്റില്‍, കുടുക്കിയത് സിസിടിവി
മരിച്ച രണ്ടു കൗമാരക്കാരുടെയും ശരീരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ജുവനൈല്‍ ഹോമില്‍ നിന്നും രക്ഷപ്പെട്ട മറ്റു രണ്ടുപേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊള്ളാച്ചി വെസ്റ്റ് പൊലീസ്.
Discussion about this post