ചെന്നൈ: ഏപ്രില്‍ ആറിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍
വാഗ്ദാന പെരുമഴയുമായി ഡിഎംകെ. അതില്‍ പ്രധാനപ്പെട്ടത് വീട്ടമ്മമാര്‍ക്ക് 1000 രൂപ ശമ്പളം നല്‍കുന്നതാണ്.
തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ കാര്‍ഡില്‍ വീട്ടമ്മയെന്ന് അടയാളപ്പെടുത്തിയിരിക്കുന്നവര്‍ക്കാണ് എല്ലാ മാസവും 1000 രൂപ ശമ്പളമായി നല്‍കുകയെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വികസനത്തിനായി പത്തു വര്‍ഷത്തെ കര്‍മ പരിപാടിയുടെ രേഖയാണ് എംകെ സ്റ്റാലിന്‍ പുറത്തിറക്കിയത്.
‘തമിഴ്‌നാട്ടിലെ എല്ലാ വനിതാ കുടുംബ മേധാവികള്‍ക്കും എല്ലാമാസവും 1000 രൂപയുടെ ശരിയായ സഹായം ലഭ്യമാക്കുന്നു. പൊതു വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കും.’ – എംകെ സ്റ്റാലിന്‍ പറഞ്ഞു.
ഈ മേഖലകളിലെല്ലാം വികസനം വാഗ്ദാനം ചെയ്ത അദ്ദേഹം ‘സ്റ്റാലിന്റെ ഏഴു വാഗ്ദാനങ്ങള്‍’ എന്ന് അത് പ്രഖ്യാപിക്കുകയും ജനങ്ങളിലേക്ക് എത്തിക്കാന്‍ പാര്‍ട്ടി കേഡര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പ്രതിവര്‍ഷം പത്തു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
അധികാരത്തില്‍ എത്തിയാല്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ രണ്ട് അക്ക സാമ്പത്തിക വളര്‍ച്ച കൈവരിക്കുക എന്നതാണ് പാര്‍ട്ടിയുടെ ആദ്യ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഒരു കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടില്‍ ഇപ്പോള്‍ 10 ലക്ഷം ഹെക്ടറിലായി രണ്ട് വിളകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയായി 20 ലക്ഷം ഹെക്ടറായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മക്കള്‍ നീതി മയ്യത്തിന്റെ ആശയങ്ങള്‍ ഡിഎംകെ മോഷ്്ടിച്ചെന്നാരോപിച്ച് തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍ രംഗത്തെത്തി.
വീട്ടുജോലിക്ക് ശമ്പളം, പ്രതിവര്‍ഷം 10 ലക്ഷം തൊഴിലവസരങ്ങള്‍, ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് കൈതാങ്ങ് തുടങ്ങിയവ മൂന്നു മാസത്തിന് മുന്‍പ് മക്കള്‍ നീതി മയ്യം സാമ്പത്തിക അജണ്ടയുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു.
Discussion about this post