ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പാന്‍മസാല പോലുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളുടെ വില്പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മുറുക്കാന്‍, പാന്‍മസാല തുടങ്ങിയവയുടെ വിപണനത്തിന് വിലക്കേര്‍പ്പെടുത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
ഇത്തരം ഉത്പന്നങ്ങള്‍ ഉമിനീര് ഉത്പദാനം വര്‍ദ്ധിപ്പിക്കുകയും ആളുകള്‍ക്ക് നിരന്തരം തുപ്പാനുള്ള പ്രേരണയുണ്ടാക്കും. പൊതുസ്ഥലങ്ങളില്‍ ഇങ്ങനെ തുപ്പുന്നത് വൈറസ് വ്യാപനത്തിനിടയാക്കും അതുകൊണ്ട് ഇത്തരം പുകയില ഉത്പന്നങ്ങള്‍ പൊതു ഇടങ്ങളില്‍ ഉപയോഗിക്കുന്നതും തുപ്പുന്നതും തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് നല്കിയ നിര്‍ദേശത്തില്‍ മന്ത്രാലയം ആവശ്യപ്പെടുന്നത്.
പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് വൈറസ് വ്യാപനത്തിനിടയാക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ജാര്‍ഖണ്ഡ്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാണ,നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഇതിനോടകം തന്നെ പുകയില ഉത്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
അതെസമയം സിഗരറ്റും ബീഡിയും പോലുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് വിലക്കില്ല. ഇവ വില്ക്കുന്നതില് തടസ്സമില്ല.
Discussion about this post