തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉള്ളില്‍ മുതിര്‍ന്ന നേതാക്കളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി എംപി കൊടിക്കുന്നില്‍ സുരേഷ്. പാര്‍ട്ടിയിലെ സോപ്പ് കുട്ടന്മാരും അമൂല്‍ ബേബിമാരും സമൂഹമാധ്യമങ്ങള്‍ വഴി മുതിര്‍ന്ന നേതാക്കളെ അപമാനിക്കുകയാണെന്നാണ് കൊടിക്കുന്നിലിന്റെ ആരോപണം.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി എകെ ആന്റണിയാണ് എന്ന തരത്തിലുള്ള സൈബര്‍ ആക്രമണം അംഗീകരിക്കാനാകില്ല. മുതിര്‍ന്ന നേതാക്കളെ സംഘടിതമായി ആക്രമിക്കുന്ന നടപടി പാര്‍ട്ടിയില്‍ ഒരു വിഭാഗം നടത്തുന്നുണ്ട്. എകെ ആന്റണിക്കെതിരായ പ്രചാരണം നടത്തുന്നതും പിജെ കുര്യന്, കെവി തോമസ് എന്നിവര്‍ക്കെതിരെ പ്രചാരണം നടത്തിയതും ഈ ഒരു വിഭാഗമാണ്. പിസി ചാക്കോ, കെവി തോമസ് തുടങ്ങിയവര്‍ക്കെതിരെയും ഇത്തരം നീക്കം നടന്നു. ഇത്തരക്കാര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണെന്നും ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.
പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് സഖ്യമുണ്ടാകാതിരിക്കാന് കാരണം എകെ ആന്റണിയാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ പാര്‍ട്ടിക്കകത്തുതന്നെ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയായിരുന്നു. ഇത് നേതാക്കള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ഉന്നയിക്കുകയും ഇതിനെതിരെ മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനുമടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു.
Discussion about this post