പാറ്റ്ന: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ യഥാര്‍ത്ഥ കരാര്‍ തുക വെളിപ്പെടുത്താനാകില്ലെന്ന മോഡി സര്‍ക്കാരിന്റൈ വാദത്തെ കടന്നാക്രമിച്ച് ജെഎന്‍യു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍. ഫ്രാന്‍സില്‍ നിന്നും വാങ്ങുന്ന യുദ്ധവിമാനങ്ങളുടെ യഥാര്‍ത്ഥ വില പ്രധാനമന്ത്രി നരേന്ദ്ര മോഡി സൈനികരോടെങ്കിലും വെളിപ്പെടുത്തണമെന്ന് കനയ്യകുമാര്‍ ആവശ്യപ്പെട്ടു. കേദാര്‍നാഥില്‍ സൈനികര്‍ക്കൊപ്പം മോഡി ദീപാവലി ആഘോഷിച്ചതു സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കനയ്യ.
രാമക്ഷേത്ര വിഷയത്തിലും കനയ്യ മോഡിയെ വിമര്‍ശിച്ചു. തന്റെ ഉത്തരവാദിത്തങ്ങളില്‍ വിജയിക്കാന്‍ കഴിയാതെ വരുമ്പോള്‍ അദ്ദേഹത്തിനു രാമനെ ഓര്മവരുമെന്നായിരുന്നു കനയ്യയുടെ പരിഹാസം. ബിഹാറില്‍ തേജസ്വി യാദവാണ് പ്രതിപക്ഷത്തിന്റെ മുഖമെന്നും അദ്ദേഹത്തിനു കീഴില്‍ സംസ്ഥാനത്ത് ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണു താന്‍ കരുതുന്നതെന്നും കനയ്യ പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.
ബിഹാറിലെ ബേഗുസാരായില്നിന്ന് സിപിഐ സീറ്റില്‍ കനയ്യ ലോക്സഭയിലേക്കു മത്സരിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. ബേഗുസാരായ് ജില്ലയിലെ ബീഹത് സ്വദേശിയാണു കനയ്യ. ഡല്‍ഹിയിലെയും ബിഹാറിലെയും ഇടത് നേതാക്കള്‍ക്കും കനയ്യ മത്സരിക്കുന്നതിനോടു താത്പര്യമാണ്.
Discussion about this post