കൊച്ചി: കാലവര്‍ഷം തുടങ്ങിയതോടെ ചെല്ലാനം, വൈപ്പിന്‍ തീരമേഖലയില്‍ ശക്തമായ കടലാക്രമണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടലാക്രമണത്തെ തുടര്‍ന്ന് ഈ പ്രദേശങ്ങളിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇതോടെ ഇവിടുത്തെ ആളുകളെ മറ്റിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.
പുലിമുട്ടുകളില്ലാത്ത ചെല്ലാനം ഭാഗത്താണ് കടലാക്രമണം കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. ചെല്ലാനം നിവാസികളോട് കഴിഞ്ഞ ഏപ്രിലില്‍ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതൊക്കെ വെറും പാഴ് വാക്കാണെന്ന് തെളിയിച്ചിരിക്കുകയാണ് അധികൃതര്‍. സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമായിട്ടും അധികൃതര്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ ക്യാമ്പുകളില്‍ ആരോഗ്യ പ്രതിരോധ സംവിധാനങ്ങള്‍ അടക്കം ഒരുക്കാന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് പലയിടത്തും ജനങ്ങള്‍ നേരിട്ടാണ് ഇപ്പോള്‍ മണല്‍ ചാക്ക് കൊണ്ടു ഭിത്തി നിര്‍മ്മിക്കുന്നത്. അതേ സമയം കടല്‍ ഭിത്തി നിര്‍മ്മാണം സംബന്ധിച്ചു തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ആരംഭിക്കുമെന്നാണ് കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.