തൃശ്ശൂര്‍: തൃശ്ശൂരിന്റെ നാടും നഗരവും ഇനി പൂര ലഹരിയിലാണ്. പൂരാഘോഷത്തിന്റെ മുന്നോടിയായി ഇന്ന് സാമ്പിള്‍ വെടിക്കെട്ട് നടക്കും. വൈകിട്ട് ഏഴ് മണിക്ക് പാറമേക്കാവിലാണ് വെടിക്കെട്ടിന് തിരികൊളുത്തുന്നത്. ഇത്തവണ ശബ്ദ തീവ്രത കുറച്ച് വര്‍ണശബളിമ കൂട്ടി വെടിക്കെട്ട് നടത്താനാണ് ദേവസ്വത്തിന്റെ തീരുമാനം. ആനച്ചമയ പ്രദര്‍ശനവും ഇന്ന് ആരംഭിക്കും.
സാമ്പിള്‍ വെടിക്കെട്ടിന്റെ ആദ്യത്തെ പതിനഞ്ച് മിനുട്ട് പാറമേക്കാവിന്റെയും തിരുവമ്പാടിയുടേയും കൂട്ടപ്പൊരിച്ചില്‍ നടക്കും. പിന്നീടാണ് വര്‍ണങ്ങള്‍ ചൊരിയുന്ന അമിട്ടുകള്‍ എത്തുക. വിലക്ക് നീക്കിയെത്തിയ ഗുണ്ടും കുഴി മിന്നലും മാലപ്പടക്കവുമുണ്ടാകും വെടിക്കെട്ടിന്. രണ്ട് മണിക്കൂറാണ് ഇരുപക്ഷത്തിനും അനുവദിച്ചിരിക്കുന്ന സമയം. ഭീകരാക്രമണ മുന്നറിയിപ്പ് ഉള്ളതിനാല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ സാമ്പിള്‍ വെടിക്കെട്ടിന് ഒരുക്കിയിരിക്കുന്നത്.
ആളുകളെ നൂറ് മീറ്റര്‍ അകലെ നിന്ന് മാത്രമേ സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ അനുവാദിക്കുകയുള്ളൂ. സാമ്പിള്‍ വെടിക്കെട്ട് നടക്കുന്നതിനാല്‍ നഗരത്തില്‍ ഇന്ന് ഗതാഗത പരിഷ്‌കരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദര്‍ശനം വൈകുന്നേരം മൂന്ന് മണിയ്ക്ക് ആരംഭിക്കും.
Discussion about this post