കോട്ടയം: സംസ്ഥാനത്തെ എല്ലാ കെ.എസ്.ആര്‍.ടി.സി. ബസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക സീറ്റ് സംവരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഇതിന് അനുസൃതമായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സീറ്റ് സംവരണത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍, ഓര്‍ഡിനറി, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ തരംതിരിവുകള്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
അതേസമയം, ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍വീസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സീറ്റ് സംവരണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന കെ.എസ്.ആര്‍.ടി.സിയുടെ വാദം കമ്മീഷന്‍ തള്ളി. ഇത്തരം ബസുകളില്‍ പൊതുവിഭാഗം സീറ്റുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുമെന്ന വാദവും കമ്മീഷന്‍ അംഗീകരിച്ചില്ല.
മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരക്ഷണവും സമാധാനവും സുരക്ഷിതത്വവും നല്‍കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനയുടെ 41-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അവകാശമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.















Discussion about this post