കൊച്ചി: കൊച്ചിയിൽ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്ത യുവാവ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ ചികിത്സയില്‍. അണുബാധയെ തുടർന്നാണ് ചികിത്സയിൽ കഴിയുന്നത്.
എളമക്കര കീര്‍ത്തിനഗറില്‍ താമസിക്കുന്ന ചെറായി ചെറു പറമ്പില്‍ സനില്‍ (49) ആണ് ചികിത്സയിലുള്ളത്. യുവാവ് പനമ്പിള്ളിനഗറില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലാണ് കൃത്രിമമായി മുടിവച്ചു പിടിപ്പിക്കുന്ന ചികിത്സയ്ക്ക് വിധേയനായത്.
ഫെബ്രുവരി 26, 27 തീയതികളിലാണ് യുവാവ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായത്. തുടര്‍ന്ന് സനിലിന്റെ തലയില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്.
ദിവസങ്ങള്‍ക്കകം തലയില്‍ വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടു.വേദന സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്ഥാപന അധികൃതരെ അറിയിച്ചു. എന്നാല്‍ വേദന സംഹാരി ഗുളികകള്‍ നല്‍കി യുവാവിനെ സ്ഥാപനം മടക്കി അയയ്ക്കുകയയിരുന്നു.
ആരോഗ്യ സ്ഥിതി വഷളായതോടെ സനില്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ വച്ച് നടത്തിയ പരിശോധനയില്‍ മുടിവച്ചുപിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ കണ്ടെത്തുകയായിരുന്നു.
Discussion about this post