പിറവം: യുഡിഎഫിന്റെ ബഹിഷ്കരണത്തിന് പുല്ലുവില കല്പ്പിച്ചും മുതിര്‍ന്ന നേതാക്കളെ തന്നെ വെല്ലുവിളിച്ചും ഉന്നത വിദ്യാഭ്യാസകാര്യ വകുപ്പ് മന്ത്രി കെടി ജലീലിനൊപ്പം പൊതുവേദി പങ്കിട്ടിരിക്കുകയാണ് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എയായ അനൂപ് ജേക്കബ്.
പിറവം എംജിഎം കോളേജിലെ ഒരു ചടങ്ങിലാണ് മന്ത്രി കെടി ജലീലും അനൂപ് ജേക്കബ് എംഎല്‍എയും വേദി പങ്കിട്ടത്. കൂടെ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പിള്‍ സെക്രട്ടറി ഉഷ ടൈറ്റസ് ഐഎഎസും വേദിയിലുണ്ടായിരുന്നു.
നേരത്തെ മുസ്ലിം ലീഗും യൂത്ത് ലീഗും ചേര്‍ന്ന് ബന്ധുനിയമന വിവാദമെന്ന ഉണ്ടയില്ലാ വെടി ഉതിര്‍ത്ത് മന്ത്രി കെടി ജലീലിനെ തളര്‍ത്താന്‍ ശ്രമിച്ചിട്ടും ഏല്ക്കാതെ വന്നതോടെയാണ് യുഡിഎഫ് ക്യാംപ് ഒന്നടങ്കം മന്ത്രിയെ ബഹിഷ്കരിക്കുമെന്ന നിലപാടെടുത്തത്.
ഇതിനു പിന്നാലെ മന്ത്രിയോടൊപ്പം കുടിവെള്ള പദ്ധതി ഉദ്ഘാടനത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് പള്ളിക്കല്‍ പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ പ്രസിഡന്റ് മിധുനയുടെ കസേര തെറിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയെ ജനങ്ങളില്‍ നിന്നും ഒളിച്ചും പരസ്യമായും ആവശ്യകാര്യങ്ങള്ക്കായി ലീഗ് നേതാക്കള്‍ തന്നെ സമീപിക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും മുമ്പും വരികയും ചെയ്തിരുന്നു. മന്ത്രി പരിഭവങ്ങളില്ലാതെ എല്ലാവരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇതിനു പിന്നാലെയാണ് യുഡിഎഫിന്റെ കഴമ്പില്ലാത്ത ബഹിഷ്കരണത്തിനോടൊപ്പം ചേരാതെ അനൂപ് ജേക്കബ് മന്ത്രി കെടി ജലീലിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
Discussion about this post