തെങ്കാശി: മലയാളിയായ റെയിൽവേ ജീവനക്കാരിക്കെതിരെ നടന്നത് പീഡന ശ്രമം. അക്രമി തമിഴ് സംസാരിക്കുന്ന ആളെന്ന് ഇരയുടെ അമ്മ പറയുന്നു. ഷർട്ട് ധരിക്കാത്ത കാക്കിയിട്ട ആളാണ് അക്രമി എന്നാണ് യുവതി പോലീസിൽ നൽകിയിരിക്കുന്ന മൊഴി. ഗാർഡ് റൂമിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവന്ന് അവർ പറഞ്ഞു. വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നുമായിരുന്നു അക്രമിയുടെ ഭീഷണിയെന്നും യുവതി പറയുന്നു.
യുവതിയ്ക്ക് രണ്ടു പേരുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ എഴുന്നേറ്റ് നിൽക്കാൻ സാധിക്കുകയൊള്ളൂ എന്ന അവസ്ഥയിലാണ്. ശരീരമാസകലം ക്ഷതമേറ്റ പാടുകളുണ്ടെന്നും സംസാരിക്കാൻ കഴിയുന്നില്ലെന്നും ഇരയുടെ അമ്മ വെളിപ്പെടുത്തി. തെങ്കാശിയിലെ പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിയായ കൊല്ലം സ്വദേശിനിയ്ക്ക് നേരെയാണ് ക്രൂരമായ ആക്രമണം നടന്നത്.
ഫോൺ ചെയ്തുകൊണ്ടിരിക്കെ എത്തിയ പ്രതി, മുറി പൂട്ടിയ ശേഷമാണ് അതിക്രമം നടത്തിയത്. മുഖത്ത് ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തെന്ന് മകൾ പറഞ്ഞതായി യുവതിയുടെ അച്ഛൻ പറഞ്ഞു. ‘കാക്കി പാന്റ് ധരിച്ചയാളാണ് മുറിയിൽ കയറി മകളെ വരിഞ്ഞുമുറുക്കിയത്. ആദ്യം നെറ്റിയിലും പിന്നീട് ഫോണെടുത്ത് തലയ്ക്കും അടിച്ചു. പിന്നീട് മലർത്തി കിടത്തി വയറ്റിൽ ചവിട്ടുകയായിരുന്നു. അക്രമി മുടി കുത്തിപ്പിടിച്ചിട്ടും അവൾ കുടഞ്ഞെഴുന്നേറ്റ് അടച്ചിട്ട കതക് തുറന്ന് പുറത്തുചാടി. ഒടുവിൽ ഹൈവേയിൽ വന്ന് മകൾ കിടക്കുകയായിരുന്നു. ആളുകൾ കൂടിയതോടെ അക്രമി തെങ്കാശി ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു’– പിതാവ് പറഞ്ഞു.
അതേസമയം, യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. പെയിൻറിംഗ് തൊഴിലാളിയാണ് അക്രമിയെന്നാണ് നിഗമനം. പ്രതിയുടെതെന്ന് സംശയിക്കുന്ന ചെരിപ്പ് പോലീസിന് ലഭിച്ചു. ചെരുപ്പിൽ നിന്ന് പെയിന്റിന്റെ അംശം കണ്ടെത്തി. സമീപത്തെ പെയിൻറിങ് തൊഴിലാളികളിലെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.
Discussion about this post