പേരാമ്പ്ര: കായണ്ണ മൊട്ടന്തറയിലെ ചാരുപറമ്പിൽ ഭഗവതി ക്ഷേത്രം നടത്തുന്ന രവി എന്ന ആൾദൈവത്തെ കാണാനെത്തിയവരുടെ വാഹനങ്ങൾ അടിച്ചുതകർത്ത് നാട്ടുകാരുടെ രോഷം. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ചാരുപറമ്പിൽ ഭഗവതി ക്ഷേത്രമെന്ന കുടുംബക്ഷേത്രവും ശ്രീമുത്തപ്പൻ മഠപ്പുരയും നിർമിച്ച് 13 വർഷമായി പൂജയും മറ്റും നടത്തിവരുന്ന വ്യക്തിയാണ് രവി.
എന്നാൽ ഇയാൾ ‘ആൾദൈവം’ ചമയുകയാണെന്നും ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഏതാനും മാസംമുമ്പ് നാട്ടുകാരുടെ ആക്ഷൻ കമ്മിറ്റി മാർച്ചും രവിക്കെതിരെ നടത്തിയിരുന്നു. മഠത്തിലേക്കുള്ള വഴിയിൽ ഓട്ടോയുടെ മുൻവശത്തെ ഗ്ലാസ് തകർക്കുകയും ചുറ്റമുള്ള ഷീറ്റുകൾ കത്തികൊണ്ട് നാട്ടുകാർ കീറി മുറിക്കുകയും ചെയ്തു. ചോറോട് സ്വദേശികൾ എത്തിയ ഓട്ടോയ്ക്കുനേരെയായിരുന്നു ആക്രമണം.

ബധിരയായ യുവതിയുമായി പൂജയ്ക്കായെത്തിയ ബന്ധുക്കളായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. ഓട്ടോഡ്രൈവർ ചോറോട് സ്വദേശിയായ ദിജീഷ് ആശുപത്രിയിൽ ചികിത്സതേടി. അതേസമയം, കാറിന്റെ പിൻവശത്തെ ഗ്ലാസാണ് തകർത്തത്. സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസെടുക്കുകയും ചെയ്തു. കേരളത്തെ ഞെട്ടിച്ച നരബലിക്ക് പിന്നാലെ സംസ്ഥാനത്ത് ഒട്ടാകെ ദുർമന്ത്രവാദത്തിനെതിരെയും ആൾദൈവങ്ങൾക്കെതിരെയും കടുത്ത രോഷമാണ് ഉയരുന്നത്.










Discussion about this post