മലപ്പുറം: മലബാറിലെ അനിഷേധ്യനായ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന് മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. ജന്മനാടായ നിലമ്പൂരില്‍ പൊതുദര്‍ശനമുണ്ടാകും. ഇതിന് ശേഷം സംസ്കാര ചടങ്ങുകളെ കുറിച്ച് തീരുമാനമെടുക്കും എന്നാണ് റിപ്പോര്‍ട്ട്.
മലബാറില്‍ മാത്രമല്ല കേരളത്തിന്റെ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കരുത്തുറ്റ നേതാവായിരുന്നു ആര്യാടന്. 1969-ല്‍ കുഞ്ഞാലി വധക്കേസില്‍ പ്രതിയായി ജയില്‍വാസം അനുഷ്ഠിച്ചു. പിന്നീട് ഈ കേസില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തില്‍ മൂന്ന് മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1980ല്‍ എ ഗ്രൂപ്പ് ഇടത് മുന്നണിയുടെ ഭാഗമായപ്പോള്‍ നായനാര്‍ മന്ത്രിസഭയില്‍ വനം-തൊഴില്‍ മന്ത്രിയായി. 1995-ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍ – ടൂറിസം വകുപ്പ് മന്ത്രിയായും 2011-ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ വൈദ്യുതി മന്ത്രിയായും പ്രവര്‍ത്തിച്ചു.
ഇതിനിടെ, എട്ട് തവണ നിലമ്പൂരില്‍ നിന്നുള്ള എംഎല്‍എയായി. പതിനൊന്ന് തവണ നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയിട്ടുണ്ട്. യുഡിഎഫ് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗിനെ വിമര്‍ശിക്കാന്‍ മടി കാണിക്കാത്ത കോണ്ഗ്രസുകാരന് കൂടിയായിരുന്നു ആര്യാടന്. കടുത്ത വിമര്‍ശനമുണ്ടായിട്ടും അദ്ദേഹം നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറായില്ല.
അവസാനമായി നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയത് 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. 2016-ല്‍ മകന് ആര്യാടന് ഷൗക്കത്ത് നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു.
Discussion about this post