നെയ്യാറ്റിൻകര: ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് പെരുമ്പഴുതൂരിൽ ബിഡിഎസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയുടെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് യുവാവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ഉദിയൻകുളങ്ങര, ദീപക് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ശരത് ചക്രവർത്തി(30)യാണ് അറസ്റ്റിലായത്.
ശരത് ചക്രവർത്തി വിവാഹ വാഗ്ദാനം നടത്തി 23-കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാൾ പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ഫോണിൽ വിളിച്ച് ശല്യം ചെയ്തതിനെത്തുടർന്ന് യുവതി വീട്ടിലെ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. 2016 മേയ് 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നെയ്യാറ്റിൻകര പോലീസ് അന്വേഷിച്ച കേസ് 2017-ൽ ക്രൈംബ്രാഞ്ചിനു കൈമാറി. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപവത്കരിച്ച് സമരവും നടത്തിയിരുന്നു.
ബിഡിഎസ് കഴിഞ്ഞ് ഹൗസ്സർജൻസി ചെയ്യുകയായിരുന്നു 23-കാരി. ജീവനൊടുക്കുന്നതിനു മുൻപായി എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അതേസമയം, മകൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയുടെ വീട്ടുകാരും ചില പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദ്യാർത്ഥിനിയുടെ അച്ഛൻ ആരോപിച്ചു. മകൾ എഴുതിയ മൂന്ന് ആത്മഹത്യാക്കുറിപ്പുകൾ ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്നവർ നശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, ശരത് ചക്രവർത്തി ഈ സംഭവത്തിനുശേഷവും നിരവധി പെൺകുട്ടികളെ മൊബൈൽചാറ്റിലൂടെ പരിചയപ്പെട്ട് പീഡനത്തിന് ഇരയാക്കിയതായി അന്വേഷണസംഘം കണ്ടെത്തി. ക്രൈംബ്രാഞ്ച് എസ്പി എ ഷാനവാസിന്റെ നിർദേശത്തെ തുടർന്ന് ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Discussion about this post