കൊല്ലം: ഭാര്യയുടെ കാമുകനെയും മാതാവിനെയും വീട്ടില്‍ക്കയറി വെട്ടി യുവാവ്. ഭാര്യ തന്നെ ഉപേക്ഷിച്ച് പോയതിന്റെ ദേഷ്യത്തിലാണ് ആക്രമണം. കൊല്ലത്താണ് സംഭവം. സംഭവത്തില്‍ വെട്ടിക്കവല സ്വദേശിയായ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസമാണ് സംഭവം. അഞ്ചലില്‍ ഏറം കളീലിക്കട പ്ലാവിള പുത്തന്‍വീട്ടില്‍ കൃഷ്ണകുമാരി (50), മകന് അഖില്‍ (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മാസം മുന്‍പാണ് സജിയുടെ ഭാര്യ അയാളെയും മക്കളെയും ഉപേക്ഷിച്ച് അഖിലിനോടൊപ്പം പോയത്.
ഇതിന് പിന്നാലെ സജി കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കേസില്‍ യുവതിക്ക് അനുകൂലമായിട്ടായിരുന്നു കോടതി വിധി വന്നത്. ഇതില്‍ ക്ഷുഭിതനായിരുന്നു സജി. കഴിഞ്ഞ ദിവസം യുവതിയുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നല്‍കാനെന്ന വ്യാജേന സജി അഖിലിന്റെ വീട്ടിലെത്തിയത്.
എന്നാല്‍ നേരത്തെ തന്നെ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന സജി യുവതിയെ ആക്രമിക്കാന്‍ ഒരുങ്ങിയപ്പോള്‍ തടയുന്നതിനിടെയാണ് അഖിലിനും മാതാവിനും വെട്ടേറ്റത്. അഖിലിന്റെ ഇടത് കൈയിനും കൃഷ്ണകുമാരിയുടെ വലത് കൈയിനുമാണ് വെട്ടേറ്റത്. സജിയെ ഇന്ന് പുനലൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അഞ്ചല്‍ പോലീസ്.
Discussion about this post