കോട്ടയം: ചങ്ങനാശ്ശേരി കുറിച്ചിയിൽ 74-കാരൻ പീഡിപ്പിച്ച പത്ത് വയസ്സുകാരിയുടെ പിതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. കുഞ്ഞിനെ പീഡിപ്പിച്ചെന്ന സംഭവമറിഞ്ഞത് മുതൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു കുട്ടിയുടെ അച്ഛൻ.
ചങ്ങനാശ്ശേരിയിൽ പലചരക്ക് കട നടത്തിയിരുന്ന യോഗീ ദക്ഷൻ (74) എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പരാതി. സാധനം വാങ്ങാനായി കുട്ടി കടയിൽ വരുമ്പോൾ പ്രതി രഹസ്യഭാഗങ്ങളിൽ ഉൾപ്പെടെ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. വിവരം പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിക്ക് മിഠായിയും നൽകിയിരുന്നു.
ഈയിടെയായി കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടർന്ന് പരാതി നൽകുകയും ശനിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോട്ടയം മൊബൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post