കുറവിലങ്ങാട്: എടിഎംതട്ടിപ്പു നടത്താന്‍ പദ്ധതിയിട്ട മോഷ്ടാക്കള്‍ക്ക് പണിപാളിയ കഥ ഇതാ വെളിച്ചത്താകുന്നു. വെമ്പള്ളിയിലെയും മോനിപ്പള്ളിയിലെയും എടിഎമ്മുകളിലാണ് സംഘം തട്ടിപ്പ് നടത്താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ചെറിയൊരു പണികിട്ടി.
ഒക്ടോബര്‍ 12ന് പുലര്‍ച്ചെ ഇരുമ്പനത്തും കൊരട്ടിയിലും എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് ലക്ഷങ്ങള്‍ അപഹരിക്കുകയും വെമ്പള്ളി, മോനിപ്പള്ളി എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ കവര്‍ച്ചാ ശ്രമം നടത്തുകയും ചെയ്ത സംഘത്തെ തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തതോടെയാണു കള്ളന്മാര്ക്ക് കിട്ടിയ പണി പുറത്തുവന്നത്.
വെമ്പള്ളിയില്‍ ഒക്ടോബര്‍ 12ന് പുലര്‍ച്ചെ 1.10നും മോനിപ്പള്ളിയില്‍ 1.37നുമാണ് മോഷണ ശ്രമം നടന്നത്. എന്നാല്‍ വെമ്പള്ളിയിലെ എടിഎം കൗണ്ടറിന്റെ മുന്നില്‍ റോഡിലേക്ക് അഭിമുഖമായി സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയുടെ സ്റ്റാന്‍ഡ് ഒടിച്ച് തൂക്കിയിടുകയും മോനിപ്പള്ളിയിലെ ഒരു ക്യാമറ പ്രത്യേക ദ്രാവകം സ്പ്രേ ചെയ്ത് കാഴ്ച മറയ്ക്കുകയും ചെയ്തിരുന്നു. വെമ്പള്ളിയില്‍ കവര്‍ച്ചയ്ക്കുള്ള ശ്രമം നടക്കവെ എടിഎം കൗണ്ടറിനു പിന് ഭാഗത്തുള്ള വീട്ടിലെ ലൈറ്റ് തെളിഞ്ഞു. ഇതോടെ ഉദ്യമത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അങ്ങനെ ആ ശ്രമം പാളി
ശേഷം അര മണിക്കൂറിനുള്ളില്‍ സംഘം മോനിപ്പള്ളിയിലെത്തി. ഇവിടെ എടിഎം കൗണ്ടര്‍ കുത്തിത്തുറക്കാന്‍ തുടങ്ങവെ ചുവന്ന ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഇത് കൗണ്ടറില്‍ പണമില്ലെന്നതിന്റെ സൂചനയാണ്. ഇതോടെ പിന്മാറി. എന്നാല്‍ മെഷീന് തകരാറുണ്ടായിരുന്നതിനാല്‍ ലൈറ്റ് കത്തിയതാണെന്ന് അധികൃതര്‍ പറയുന്നു മാത്രമല്ല മെഷീനില്‍ 12 ലക്ഷം രൂപ ഉണ്ടായിരുന്നു.
Discussion about this post