തിരുവനന്തപുരം: മുംബൈ പൊലീസിനെയും ബംഗളൂരു സിറ്റി പൊലീസിനെയും ബഹുദൂരം പിന്നിലാക്കി പത്തു ലക്ഷം ആരാധകരുള്ള ആദ്യത്തെ പൊലീസ് ഇൻസ്റ്റാഗ്രാം അക്കൗണ്ടെന്ന നേട്ടം ഇനി കേരള പൊലീസിന് സ്വന്തം.
ലോകത്ത് ഏറ്റവുമധികം പേർ പിന്തുടരുന്ന സ്റ്റേറ്റ് പൊലീസ് ഫെയ്സ്ബുക് പേജ് എന്ന നേട്ടത്തിനുശേഷമാണ് ഈ പുതിയ നേട്ടം കേരള പൊലീസിന് സ്വന്തമാക്കിയത്. രാജ്യാന്തരതലത്തിൽ ഇന്റർപോളിന്റെയും ന്യൂയോർക്ക് പൊലീസിന്റെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പിന്തുടരുന്നത് അഞ്ചു ലക്ഷത്തിൽ താഴെ ആൾക്കാർ മാത്രമാണ്.
2018ൽ പൊലീസ് ആസ്ഥാനത്ത് ആരംഭിച്ച സോഷ്യൽ മീഡിയ സെല്ലിന്റെ കീഴിൽ പൊലീസിന്റെ നവമാധ്യമ ഇടപെടലുകൾ ഏറെ ജനപ്രീതിയാർജിക്കുകയുണ്ടായി. കൗമാരക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇൻസ്റ്റാഗ്രാമിൽ അവരുടെ അഭിരുചികൾക്കനുസൃതമായ തരത്തിൽ തയ്യാറാക്കിയ ബോധവൽക്കരണ പോസ്റ്റുകളും ചെറുവീഡിയോകളും വൻ ഹിറ്റുകളായി.
എഎസ്ഐ കമൽനാഥ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിമൽ വി എസ്, സന്തോഷ് പി എസ്, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ ബി ടി, സന്തോഷ് കെ, അഖിൽ, നിധീഷ് എന്നിവരാണ് കേരള പൊലീസിസോഷ്യൽ മീഡിയ സെല്ലിൽ പ്രവർത്തിക്കുന്നത്.
Discussion about this post