തിരുവിഴാംകുന്ന്: മണ്ണാർക്കാട് അമ്പലപ്പാറ മണലുംപുറത്തിന് അക്കരെയുള്ള വാഴത്തോട്ടത്തിലെ കാവൽപുരയിൽ യുവാവിനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയും വൈകാതെ സുഹൃത്തിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത കേസിലെ ദുരൂഹത ഒഴിയുന്നു. ഇരട്ടവാരി സ്വദേശി പറമ്പൻ മുഹമ്മദിന്റെ മകൻ സജീർ (പക്രു- 24)എന്ന ഫക്രുദ്ധീനാണ് വെടിയേറ്റു മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണു സംഭവം.
പ്രതിയെന്നു സംശയിക്കുന്ന ഇയാളുടെ സുഹൃത്തായ പുത്തൻവീട്ടിൽ മഹേഷി(30)നെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയും ചെയ്തു.

കൊലയ്ക്കുപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സജീറിന്റെ ഇടതുവശത്തു വയറിന്റെയും നെഞ്ചിന്റെയും ഇടയ്ക്കാണു വെടിയേറ്റത്. കാവൽപുരയിൽ നിന്നു 300 മീറ്റർ മാറി പുഴയ്ക്കക്കരെ തെങ്ങിൻ തോപ്പിൽ അവശനിലയിൽ കണ്ടെത്തിയ മഹേഷിനെ ആദ്യം വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് ആറരയോടെ മരിച്ചു.
നാടൻ തോക്ക് മഹേഷ് കിടന്നതിനു സമീപത്തു നിന്നാണ് കണ്ടെത്തിയത്. മഹേഷിന്റെ അരയിൽ കത്തിയുമുണ്ടായിരുന്നു. മഹേഷിന്റെ വാഴത്തോട്ടത്തിലെ കാവൽപുരയിൽ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നു എന്നാണ് പോലീസിന്റെ നിഗമനം. എങ്കിലും മഹേഷ് ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇരുവർക്കും എതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പാലക്കാട് ഡിവൈഎസ്പി പി ശശികുമാർ പറഞ്ഞു.
Discussion about this post