തൃശ്ശൂർ: ബിജെപി അധ്യക്ഷൻ ജെപി നദ്ദ പങ്കെടുത്ത തൃശൂർ വടക്കുനാഥ ക്ഷേത്ര മൈതാനിയിൽ നടന്ന മഹാസമ്മേളനം നിയമങ്ങൾ ലംഘിച്ചാണോയെന്ന് പരിശോധിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. പരിപാടി ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും നിമയനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംഘപരിവാർ അനുഭാവിയായ മനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വടക്കുനാഥന്റെ തെക്കേ ഗോപുരനട മറച്ച് വേദിയൊരിക്കിയെന്നും ആക്ഷേപമുണ്ട്. ഇവ ചൂണ്ടികാട്ടി കോടതിയലക്ഷ്യത്തിന് നിയമനടപടികൾ സ്വീകരിക്കുമെന്നും മനോജ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് ബോർഡ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുന്നത്.
തൃശൂർപൂരം, പൂരം പ്രദർശനം, ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾ, വിവിധ പ്രദർശനങ്ങൾ എന്നിങ്ങനെ 14 ഇനങ്ങൾക്ക് മാത്രമെ മൈതാനം അനുവദിക്കാവൂ എന്നും രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്ക് മൈതാനം അനുവദിക്കരുതെന്നുമാണ് വിവിധ ഹൈക്കോടതി വിധിയിലുള്ളതെന്ന് പരാതിക്കാരൻ പറയുന്നു. മറ്റ് പരിപാടിക്കെല്ലാം ഹൈക്കോടതിയിൽ നിന്നും പ്രത്യേകം അനുമതി തേടേണ്ടതുണ്ട്.
എന്നാൽ വിദ്യാർത്ഥി കോർണർ, പൂരം പ്രദർശന നഗരി എന്നിങ്ങനെയുള്ള തേക്കിൻകാട്ടിലെ ചില മേഖലകൾ വാണിജ്യാവശ്യത്തിന് അനുവദിക്കാമെന്ന് ഉത്തരവുണ്ട്. ഇപ്രകാരം വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും തേക്കിൻകാട് മൈതാനിയിൽ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ ക്ഷേത്ര മൈതാന സംരക്ഷണത്തിന്റെ പേരിൽ പ്രചാരണം നടത്തുന്ന ബിജെപി തന്നെ രാഷ്ട്രീയ പരിപാടിക്കായി ക്ഷേത്രമുറ്റം ഉപയോഗിക്കുന്നതാണ് പരാതിക്കാരൻ ചോദ്യം ചെയ്യുന്നത്.
കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് ബിജെപി നേതാക്കൾക്കും അണികൾക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും പക്ഷപാതപരമാണെന്നും ജില്ലാ ബിജെപി നേതൃത്വം വ്യക്തമാക്കി.
Discussion about this post