കോട്ടയം: കുടുംബശ്രീ കൂട്ടായ്മയുടെ കരുതലില്‍ ഹംസയും കുടുംബവും ഇനി അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തിലേക്ക്. കാഞ്ഞിരപ്പള്ളി വില്ലണിയില്‍ ഇല്ലത്തുപറമ്പില്‍ ഹംസയ്ക്കും കുടുംബത്തിനുമാണ് കുടുംബശ്രീ സ്നേഹവീടൊരുക്കിയത്.
ആകെയുണ്ടായിരുന്ന കൊച്ചുകൂര കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്നപ്പോള്‍ ആശങ്കയിലായിരുന്നു ഹംസയും കുടുംബും. വൃക്കരോഗിയായ ഹംസയ്ക്ക് ഭാര്യയും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനുമുണ്ട്.
കാഞ്ഞിരപ്പള്ളി സിഡിഎസിനു കീഴിലുള്ള 329 കുടുംബശ്രീ യൂണിറ്റുകളിലൂടെ ഒന്നര വര്‍ഷംകൊണ്ട് സമാഹരിച്ച 3.60 ലക്ഷം രൂപയാണ് വീടിനായി ചെവലവഴിച്ചതെന്ന് ചെയര്‍പേഴ്സണ്‍ കെഎന്‍ സരസമ്മ പറഞ്ഞു. ശ്രമദാനവുമായി നാട്ടുകാരും പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ പങ്കാളികളായി.
അവസാന പട്ടികയില്‍ ഉണ്ടായിരുന്ന മൂന്നുപേരില്‍ ഏറ്റവും അര്‍ഹരെന്ന് കണ്ടെത്തിയ കുടുംബത്തെയാണ് വീട് നിര്മിച്ചുനല്കാന് തെരഞ്ഞെടുത്തത്. അറുനൂറ് ചതുശ്രമീറ്റര്‍ വിസതീര്‍ണമുള്ള വീടിന് 2020 ജൂലൈ 29 നാണ് തറക്കല്ലിട്ടത്. ഗൃഹപ്രവേശം വെള്ളിയാഴ്ച നടന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെആര്‍ തങ്കപ്പന് താക്കോല്‍ കൈമാറി.
Discussion about this post