തൃശ്ശൂർ: കൊറോണ വൈറസ് രാജ്യത്ത് പരത്തിയത് മുസ്ലിങ്ങളാണെന്ന് വർഗ്ഗീയ പരാമർശം നടത്തിയ സംഘപരിവാർ സൈദ്ധാന്തികൻ എൻ ഗോപാലകൃഷ്ണനെതിരെ കുന്ദംകുളം പോലീസ് കേസെടുത്തു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പികെ ഉസ്മാൻ ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി. ഐപിസി 153, കേരള പോലീസ് ആക്ട് 120 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ത്യ മുഴുവൻ കൊവിഡ് പരത്തിയത് മുസ്ലീങ്ങളാണെന്നും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം കൊവിഡ് പരത്താൻ വേണ്ടി ആസൂത്രണം ചെയ്തതാണെന്നും പറയുന്ന വീഡിയോ റെക്കോർഡ് ചെയ്ത് എൻ ഗോപാലകൃഷ്ണൻ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വീഡിയോയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് പടർത്തിയത് മുസ്ലിങ്ങളാണെന്നും രാജ്യത്തുള്ളവരെ കൊല്ലാൻ റോഡിലും പാത്രത്തിലും നോട്ടിലും തുപ്പി കൊവിഡ് പ്രചരിപ്പിച്ചെന്ന വ്യാജവാദവും വീഡിയോയിൽ ഉണ്ട്. ഏകീകൃത സിവിൽ കോഡ് വന്നാൽ മുസ്ലീങ്ങളുടെ നെഗളിപ്പ് തീരുമെന്ന ഭീഷണിയും വീഡിയോയിൽ ഉണ്ട്. മുസ്ലിങ്ങൾക്കെതിരെ വിദ്വേഷം പരത്തുന്ന നിരവധി വ്യാജവാദങ്ങളാണ് വീഡിയോയിൽ ഉള്ളത്.
Discussion about this post