പിറവം: തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും എംഎല്‍എ ആവാന്‍ കഴിയാതിരുന്ന രാമമംഗലം മാമ്മലശ്ശേരി ആനിത്തോട്ടത്തില്‍ എടി പത്രോസ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസ്വസ്ഥതകളെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാവിലെ 11.50-നായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ 9-ന് മാമ്മലശ്ശേരിയിലെ സ്വവസതിയിലെത്തിക്കും. ശവസംസ്കാരം 11-ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഓണക്കൂര്‍ സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടക്കും.
തന്റെ 88-ാം പിറന്നാള്‍ ദിനത്തിലാണ് പത്രോസ് ലോകത്ത് നിന്നും യാത്രയായത്. തിരഞ്ഞെടുക്കപ്പെട്ടിട്ടും നിയമസഭ കാണാതെപോയ ജനപ്രതിനിധി എന്ന നിലയിലായിരുന്നു പത്രോസ് പ്രശസ്തനായിരുന്നത്. ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്തതിനെ തുടര്‍ന്നാണ് അവസരം നഷ്ടമായത്.
നിയമസഭാ സ്ഥാനാര്‍ഥിയായതും തിരഞ്ഞെടുക്കപ്പെട്ടതുമടക്കം ജീവിതത്തിലുടനീളം അപൂര്‍വ്വതകള്‍ പുലര്‍ത്തിയിരുന്നു അദ്ദേഹം. ദീര്‍ഘകാലം രാമമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി ഗവേണിങ് ബോഡിയംഗം, പാമ്പാക്കുട ബ്ലോക്ക് ഡെവലപ്മെന്റ് കമ്മിറ്റി ചെയര്മാന്, മാര്‍ക്കറ്റിങ് ഫെഡറേഷന് ഡയറക്ടര്‍ ബോര്‍ഡംഗം, ആരക്കുന്നം റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന് ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ചെങ്ങന്നൂര്‍ മുളക്കുഴ തെക്കേപ്പറമ്പില്‍ കുടുംബാംഗം പരേതയായ ലീല. മക്കള്‍: ആനി അലക്സ്, അനില്‍ പീറ്റര്‍ (ഫിനാന്‍സ് കണ്ട്രോളര്, ആംഫിനോള്‍, പുണെ), ശോഭ പീറ്റര്‍, സുനില്‍ പീറ്റര്‍ (ഇരുവരും ഇടപ്പള്ളി). മരുമകന്: തിരുവല്ല കോടിയാട്ട് അലക്സ് ജേക്കബ് (റിട്ട. എന്‍ജിനീയര്‍).
സഹോദരങ്ങള്‍: പ്രൊഫ. എ.ടി. വര്‍ഗീസ് (മാമ്മലശ്ശേരി), പ്രശസ്ത പത്രപ്രവര്ത്തകന് ടി.ജെ.എസ്. ജോര്‍ജിന്റെ ഭാര്യ അമ്മു, ഓമന മാത്യു, സാറ സാമുവല്‍ (മൂവരും ബെംഗളൂരു), പരേതരായ ഐക്യരാഷ്ട്ര സഭാ ലേബര്‍ കോടതി ന്യായാധിപന് ഡോ. എ.ടി. മര്‍ക്കോസ്, കുഞ്ഞമ്മ ജോസഫ്, പ്രൊഫ. എ.ടി. എബ്രഹാം, ഡോ. എ. തോമസ്.
Discussion about this post