തിരുവനന്തപുരം: ചെറിയ ഉള്ളി കിലോഗ്രാമിന് 100 കടന്ന് സവാളയുടെ റെക്കോർഡും തകർത്ത് മുന്നേറുകയാണ്. എറണാകുളം മാർക്കറ്റിലാണ് ചെറിയ ഉള്ളി ഇന്നലെ കിലോഗ്രാമിന് 100 രൂപയ്ക്ക് മുകളിൽ വിറ്റുപോയത്.
ചെറിയ ഉള്ളിവില കിലോഗ്രാമിന് സാധാരണ കടകളിൽ 110 രൂപ മുതൽ 115 രൂപ വരെയാണ് നിലവിലെ വില. നഗരത്തിനു പുറത്തേക്ക് 120 രൂപ വരെ വിലയുണ്ട്.
അതേസമയം, സവാളവിലയും നഗരത്തിനു പുറത്ത് 100 രൂപയിലെത്തി. 2 ദിവസം മുമ്പ് വരെ സവാള 70ഉം ചെറിയ ഉള്ളി 80ഉം രൂപയ്ക്കാണു വിറ്റത്. പിന്നെ ഒറ്റയടിക്കാണ് 40 രൂപയുടെ വർധനവുണ്ടായത്. എന്നാൽ, വിഎഫ്പിസികെയുടെ(സർക്കാരിന്റെ വെജിറ്റബിൾ ആൻഡ് ഫ്രൂട് പ്രമോഷൻ കൗൺസിൽ) പട്ടിക പ്രകാരം ഉള്ളിക്ക് വില 98ഉം സവാളയ്ക്ക് 77 ഉം ആണ്. ചില സൂപ്പർമാർക്കറ്റുകളിലും അൽപ്പം വിലയിളവുണ്ട്.
വില കുതിച്ച് ഉയർന്നതോടെ സവാളയ്ക്ക് ഓരോ ഗ്രാമിനും വില നൽകണമെന്ന് വ്യാപാരികളും ആവശ്യമുയർത്തി. ഉള്ളിക്കും സവാളയ്ക്കും ഓരോ ഗ്രാമിനും വില നൽകണമെന്നു പോത്താനിക്കാട് കുത്തുകുഴിയിലെ ഒരു സൂപ്പർമാർക്കറ്റിൽ അറിയിപ്പു ബോർഡും വെച്ചു. നേരത്തേ ഒരു കിലോഗ്രാം സവാളയും ഉള്ളിയും വാങ്ങിയാൽ 50 ഗ്രാം വരെയൊക്കെ അധികം നൽകിയിരുന്നു. ഇത്തരത്തിൽ വാരിക്കോരി നൽകിയാൽ 6 രൂപ വരെ നഷ്ടമാകുമെന്നാണ് വ്യാപാരികൾ പറയുന്നത്.
Discussion about this post